കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോർക്ക്കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. ടെക്സസിലെ ഡാളസിനടുത്ത്, മെസ്കീറ്റ് സിറ്റിയിൽ താമസിച്ചിരുന്ന റവ. അലക്സ് അലക്സാണ്ടറാണ് (71) മരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്, സണ്ണിവേയ്ലിലുള്ള ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ വച്ച് നടത്തും. ഫോമാ മുൻ ജോയിൻ്റ് സെക്രട്ടറി വിനോദ് കൊണ്ടൂരിൻ്റെ ഭാര്യാ പിതാവാണ് അലക്സ് അലക്സാണ്ടര്‍.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിക്കടുത്തെത്തി. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. ഏഷ്യയിൽ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. ഇതേസമയം 608,539 പേര്‍ മരണപ്പെട്ടു. ലോകമാകെ 8,730,163 പേര്‍ കൊവിഡിന്‍റെ കെണിയില്‍ നിന്ന് രോഗമുക്തി പ്രാപിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 11 ലക്ഷം കടന്നേക്കും എന്നതും ആശങ്ക കൂട്ടുന്നു.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗികളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരണപ്പെട്ടു. അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ യഥാക്രമം 392, 716 പേര്‍ മരണപ്പെട്ടു എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ കണക്ക്. മെക്‌സിക്കോയില്‍ 578 പേരും മരിച്ചു. എന്നാല്‍ യൂറോപ്പില്‍ സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. 

Share via
Copy link
Powered by Social Snap