കൊവിഡ് 19 പ്രതിരോധ പ്രവര്ത്തനത്തില് നടന് അജിത്തിന് കര്ണാടക ഉപമുഖ്യമന്ത്രിയുടെ അഭിനന്ദനം

ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായമായതിന് ചലചിത്രതാരം അജിത് കുമാറിന് അഭിനന്ദിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി. വിവിധ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അണുനാശിനി പ്രയോഗത്തിന് പിന്നാലെയാണ് അഭിനന്ദനം. ദക്ഷ എന്ന ഡ്രോണ്‍ നിര്‍മ്മിച്ച മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘത്തിന്‍റെ മെന്‍ററായിരുന്നു സിനിമാ താരം അജിത് കുമാര്‍. 2018ല്‍ ആയിരുന്നു മദ്രാസ് ഐഐടിയിലെ സിസ്റ്റം അഡ്വൈസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി അജിത്തിനെ നിയമിച്ചിരുന്നു.

അജിത്തിന്‍റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ദക്ഷ എന്ന ഡ്രോണ്‍ 2018 ലെ മെഡിക്കല്‍ എക്സ്പ്രസില്‍ സമ്മാനവും നേടിയിരുന്നു. തുടര്‍ച്ചയായി 6 മണിക്കൂര്‍ 7 മിനിറ്റ് പറന്നതിനായിരുന്നു സമ്മാനനേട്ടം. കൊറോണ വൈറസ് മഹാമാരി സമയത്ത് ദക്ഷിണേന്ത്യയില്‍ പലയിടങ്ങളിലും വ്യാപകമായി അണുനാശിനി തളിക്കാനായി ദക്ഷ ഉപയോഗിച്ചിരുന്നു. 

ദക്ഷയുടെ ടീമിനും മെന്‍ററായ അജിത് കുമാറിനും അഭിനന്ദനം. വലിയ രീതിയില്‍ അണുനാശിനി തളിക്കാന്‍ ദക്ഷ ഉപയോഗിച്ച് സാധിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വീണ്ടും വീണ്ടും തെളിഞ്ഞിരിക്കുകയാണ് എന്ന് ട്വീറ്റില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ വിശദമാക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ദക്ഷ ഡ്രോണുകള്‍ തിരുനെല്‍വേലി കളക്ടറും ഉപയോഗിച്ചിരുന്നു.