കോട്ടയം ജില്ലയിലെ തടവറകളിൽ തിരിച്ചറിവ് പരിപാടിക്ക് തുടക്കം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ നിയമസേവന അഥോറിറ്റി ജില്ലയിലെ ജയിലുകളില്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ തിരിച്ചറിവു  പരിപാടികള്‍ക്കു  തുടക്കമായി. ജില്ലാ ജയിലില്‍ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ന്യായാധിപന്മാരുടെ ചുമതലകൾ  ശിക്ഷാവിധിയോടെ അവസാനിക്കുന്നില്ലെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു. ശിക്ഷാ കാലയളവില്‍ അന്തേവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിപാടിയുമായി ബന്ധപ്പെട്ട് ജയില്‍ അന്തേവാസികള്‍ക്കായി  നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തടവുകാര്‍ക്കുള്ള മാസ്‌ക്, പച്ചക്കറി കൃഷിക്കുള്ള ഗ്രോ ബാഗ് എന്നിവയുടെ വിതരണത്തിൻ്റെയും ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണത്തിൻ്റെയും ഉദ്ഘാടനവും  നടത്തി. മുഖ്യാതിഥി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്  അന്തേവാസികൾക്കായി പ്രചോദനാത്മക ക്ലാസെടുത്തു. കേരള നിയമസേവന അഥോറിറ്റി മെമ്പര്‍ സെക്രട്ടറി കെ. റ്റി. നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റ്റി. ആര്‍. റീനാ ദാസ്  പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍സണ്‍ ജോണ്‍, ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറി എസ്. സുധീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫ് പ്രോസിക്യൂഷന്‍ ജെ. പദ്മകുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബെന്നി കുര്യന്‍, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വി. ജയപ്രകാശ്, ജയില്‍ സൂപ്രണ്ട് പി.ജെ. സലീം എന്നിവര്‍ പങ്കെടുത്തു. അഡ്വ. വിവേക് മാത്യു വര്‍ക്കി നിയമാവബോധ ക്ലാസ് നയിച്ചു.

Share via
Copy link
Powered by Social Snap