കോഴിക്കോട് പള്ളിയിലെ മോഷണ ശ്രമം; പ്രതികള് അറസ്റ്റില്, ഇരുവരും നിരവധി മോഷണ കേസിലെ പ്രതികള്

കോഴിക്കോട്നിരവധി മോഷണ കേസുകളിലെ പ്രതികളായ രണ്ടുപേരെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി ഇപി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുക്കത്ത് നിന്ന് പ്രതികളെ പിടികൂടിയത്. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ,വയനാട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് നിരവധി മോഷണ കേസുകളിൽ പ്രതികളാണിവർ.  കഴിഞ്ഞ ദിവസം നടന്ന പള്ളിയിലെ മോഷണ ശ്രമത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഡിസംബർ 2ന്  കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ കവർച്ച ശ്രമത്തിനിടെ പ്രതികൾ പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. കൂടരഞ്ഞിയിലെ ഒരു വീട്ടിൽ നിന്ന് ബൈക്കും മോഷ്ടിച്ചാണ് ഇവർ അന്ന് രക്ഷപ്പെട്ടത്.  സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ ഉപയോഗിച്ച ബൈക്കും കമ്പിപ്പാരയും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.  ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇവർ  നിരവധി മോഷണക്കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. കോടഞ്ചേരി , മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ വീടുകളിൽ കവർച്ച നടത്തിയതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share via
Copy link
Powered by Social Snap