കോഴിക്കോട് റെയില്വേ സ്റ്റേഷനില് നിന്നും 300 കിലോ പുകയില ഉല്പ്പന്നങ്ങള് പിടികൂടി

കോഴിക്കോട്:  കോഴിക്കോട് ആർ പി എഫും  കോഴിക്കോട് റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. റെയിൽവേ സ്റ്റേഷൻ നാലാമത്തെ പ്ലാറ്റ്ഫോമിലെ റെയിൽവേ പാർസൽ ഓഫീസിൽ സംശയകരമായ നിലയിൽ കണ്ടെത്തിയ പാർസൽ ഉരുപ്പടികൾ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.

പാർസൽ രേഖകളിൽ ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ഉടമയെ സംബന്ധിച്ച് എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച്  അന്യ സംസ്ഥാനത്തു നിന്നും മദ്യവും പുകയില ഉല്പന്നങ്ങളും കടത്താൻ സാധ്യതയുണ്ടെന്നതിനാൽ എക്സൈസ് കമ്മീഷണർ എഡിജിപി ആനന്ദകൃഷ്ണൻ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ വിശുദ്ധി എന്ന പേരിൽ കർശന പരിശോധനയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്രെയിനുകളിലും പ്ലാറ്റ് ഫോറത്തിലും പാർസൽ ഓഫീസിലും ആർ.പി.എഫിന്റെ സഹായത്തോടെ എക്‌സൈസ് പരിശോധന നടത്തി വരികയാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് സംശയകരമായ നിലയിൽ പാഴ്സൽ കാണപ്പെട്ടത്.

പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.ആർ അനിൽകുമാർ നേരിട്ട് സന്ദർശിക്കുകയും ആർപിഎഫിനേയും എക്സൈസ് സംഘത്തേയും അഭിനന്ദിക്കുകയും ചെയ്തു. സംയുക്ത പരിശോധനയിൽ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് കലാമുദ്ദീൻ ആർ പി എഫ് എസ് ഐ  കെ.എം നിശാന്ത്, ആർ പി എഫ് എ എസ് ഐ അബ്ദുൾ ലത്തീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാർ, പാർസൽ ഓഫീസ് സൂപ്പർവൈസർ സതീഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.എൻ സുശാന്ത്, വി.വി വിനു, പി.പ്രഭീഷ്, ഇ.വി രജിലാഷ്, ആർ പി എഫ് കോൺസ്റ്റബിൾ ദിനേഷ് ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.