കോവിഡിനെ തോൽപിച്ചു, പക്ഷേ : മലയാള സിനിമയുടെ ‘മുത്തച്ഛനു’ വിട

98–ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞ ദിവസമാണ് കോവിഡ് നെഗറ്റീവായത്. കണ്ണൂരിൽ വച്ചായിരുന്നു അന്ത്യം. 

ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ അദ്ദേഹത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നെന്ന് മകൻ ഭവദാസന്‍ നമ്പൂതിരി പറഞ്ഞിരുന്നു. 

‘ദേശാടന’ത്തിലെ മുത്തച്ഛനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കല്യാണരാമൻ, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 

Share via
Copy link
Powered by Social Snap