ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞിറങ്ങിയ യുവതി കുളത്തില് മുങ്ങിമരിച്ച നിലയില്

ആലപ്പുഴ:കുടുംബവീട്ടില്‍ നിന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യെയാണ് കഴിഞ്ഞ ദിവസം രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടുംബവീട്ടില്‍ നിന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മിയെ കാണാതായതോടെ ബന്ധുക്കള്‍ ക്ഷേത്രത്തിലെത്തി അന്വേഷിച്ചെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കി. 

കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരു മാസം മുമ്പ് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. വിജയ ലക്ഷ്മിയുടെ ഭര്‍ത്താവ് താമരക്കുളം സ്വദേശി പ്രദീപ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. വിവാഹ ശേഷമാണ് ഇയാള്‍ മോഷണക്കേസില്‍ പൊലീസ് പിടിയിലാകുന്നത്. ഇതോടെയാണ് വിജയലക്ഷ്മിയും വീട്ടുകാരും ഇയാള്‍ മോഷ്ടാവാണെന്ന് അറിയുന്നത്. 

എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം തന്നെ പൊലീസ് കുടുക്കിയതാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ വീണ്ടും പൊലീസ് പിടിയിലായതോടെ വിജയ ലക്ഷ്മി മാനസികമായി തകര്‍ന്നു. പ്രദീപിനെ മാറ്റിയെടുക്കാമെന്ന ഉദ്ദേശത്തോടെ ബംഗളൂരുവിലേക്ക് കൊണ്ടു പോകുകയും അവിടെ കച്ചവടം തുടങ്ങുകയുമായിരുന്നു. എന്നാല്‍ അവിടെയും ഇയാള്‍ മോഷണം തുടര്‍ന്നതോടെ തിരികെ നാട്ടിലേക്ക് തിരിച്ചു. അടുത്തിടെ ഇയാള്‍ മറ്റൊരു മോഷണക്കേസില്‍പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. അതിനിടയിലാണ് യുവതി ആത്മഹത്യ ചെയ്തത്.

മരണച്ചിറ എന്നറിയപ്പെടുന്ന കുളത്തില്‍ നിന്നാണ് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ടാകും.
 

Share via
Copy link
Powered by Social Snap