കൺകെട്ട് മോഡലിൽ’ ഇന്ത്യക്കാരന്റെ പണം തട്ടി ; പ്രതിയെ കുടുക്കി ക്യാമറ

ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീയിൽ ‘കൺകെട്ട് മോഡലിൽ’ ഇന്ത്യക്കാരന്റെ പണം തട്ടിയ വിദേശിയെ സുരക്ഷാവിഭാഗം പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന 3 പേരെയും കസ്റ്റഡിയിൽ എടുത്തു. ഇവർ ഇറാൻ സ്വദേശികളാണെന്നാണു വിവരം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സാധനങ്ങൾ വാങ്ങിച്ച ശേഷം കൗണ്ടറിൽ പണമടയ്ക്കാനെത്തിയ ഇന്ത്യക്കാരൻ പഴ്സ് തുറന്നപ്പോൾ പിന്നിൽ നിന്ന പ്രതി ഇന്ത്യൻ രൂപ കാണിക്കുമോയെന്നു ചോദിച്ചു കൈനീട്ടുകയായിരുന്നു. ഇന്ത്യക്കാരൻ പഴ്സിൽ നിന്നു കറൻസി നൽകുകയും അയാൾ അതു നോക്കിയശേഷം തിരികെ ഏൽപിക്കുകയും ചെയ്തു.അൽപം കഴിഞ്ഞപ്പോൾ സംശയം തോന്നിയ ഇന്ത്യക്കാരൻ പഴ്സിൽ നോക്കിയപ്പോൾ 500 ഡോളർ കുറവുള്ളതായി കണ്ടു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദേശി പണമെടുക്കുന്നതു വ്യക്തമായി പതിഞ്ഞിരുന്നു. ഡോളർ മാറ്റി ദിർഹമാക്കി ഒരു കടയിൽ എത്തിയ സുരക്ഷാ വിഭാഗം ഇയാളെ കയ്യോടെ പിടികൂടി. വർഷങ്ങൾക്കു മുൻപ് ദുബായ് വിമാനത്താവളത്തിലെ സ്വർണക്കടയിൽ നിന്ന് സമാനമായ രീതിയിൽ വൻതുകയുടെ സ്വർണബിസ്ക്കറ്റുകൾ കവർന്ന ആഫ്രിക്കൻ സ്വദേശിയെയും കയ്യോടെ പിടികൂടിയിരുന്നു.

എല്ലാം കാണുന്നുണ്ട്

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ കർശന നിരീക്ഷണ സംവിധാനങ്ങളാണുള്ളത്. വിലകൂടിയ  സാധനങ്ങൾ മോഷ്ടിക്കുന്നവരെ പിടികൂടി പൊലീസിനു കൈമാറും. ട്രാൻസിറ്റ് യാത്രക്കാർക്കും വിസിറ്റ് വീസാക്കാർക്കുമെല്ലാം ഇതു ബാധകമാണ്.

Leave a Reply

Your email address will not be published.