കർശന ഉപാധികളോടെ ആയാലും ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ

ദില്ലിനടിയെ ആക്രമിച്ച കേസില്‍ കർശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം നടി സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന്  തടസമില്ല. എന്നാൽ, പകർപ്പ് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയോട് അഭ്യര്‍ത്ഥിച്ചു. 

മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നേരത്തെ പൂർത്തിയായതാണ്. ഇതിൽ വിധി പറയുന്നതിന് മുമ്പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങൾ രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കർശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാരും വാദങ്ങൾ എഴുതി നൽകിയിട്ടുണ്ട്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു. ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് നൽകണം. വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.ഇതിന് പിന്നാലെ മെമ്മറി കാർഡ് ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരും എതിർത്തിരുന്നു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറരുതെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap