ഗുരുവായൂർ ദേവസ്വത്തിന്റെ ദുരിതാശ്വാസസംഭാവനയെ വർഗീയവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാക്കുകൾ…
ഒരു പൊതുകാര്യത്തിന് സംഭാവന നൽകുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. അത് നമ്മുടെ നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു ഘട്ടത്തിൽ വർഗീയമായി മുതലെടുക്കാൻ നോക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യും.