ഗർഭിണിയായ ഭാര്യയെ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

കാഞ്ഞിരംകുളം∙ഗർഭിണിയായ ഭാര്യയെ  പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിലായി. മുന്നൂ വയസ്സുള്ള മകൻ സംഭവം കണ്ടു വാവിട്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭർത്താവ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞ ശേഷമാണ് പൊലീസ് എത്തുന്നതും സംഭവം പുറത്തറിയുന്നതും.  കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു കൊല്ലപ്പെട്ടത്  ഭർത്താവ് നിധീഷ്(33) അറസ്റ്റിലായി.

ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മർദനമേറ്റ ഷൈനി ബോധരഹിതയായി .  ബോധം തിരിച്ചുകിട്ടിയപ്പോൾ  സംസാരിക്കാൻ ശ്രമിക്കവെ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുപയോഗിച്ച് കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.

നിധീഷിന്റെ ബന്ധു അറിയിച്ചതിനെത്തുടർന്ന്  കാഞ്ഞിരംകുളം എസ്ഐ: ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. സംഭവമറിഞ്ഞ് ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചത് സ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു. 

തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ്  മൂന്നു മാസം മുൻപാണു മടങ്ങിയെത്തിയതും തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും.. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം വേർപിരിയാമെന്നു വരെ ചർച്ചയായതാണെന്നും പൊലീസ് പറഞ്ഞു..

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap