ചാടിപ്പോയ പ്രതി അവസാനം പൊലീസ് വലയില്

കൊല്ലം: കൊല്ലം പത്തനാപുരത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍. പൊലീസിനെ വട്ടംകറക്കിയ പ്രതി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കുടുങ്ങിയത്. പത്തനാപുരം മാര്‍ക്കറ്റില്‍ നിന്നാണ് പുന്നല സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്.

പുന്നല സ്വദേശി അഖില്‍ എട്ടു ദിവസം മുമ്പാണ് ആറു പൊതി കഞ്ചാവുമായി പത്തനാപുരം പൊലീസിന്‍റെ പിടിയിലാകുന്നത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് വൈദ്യപരിശോധനയ്ക്കു ശേഷം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ ഡീറ്റെന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുന്നതിനിടെയാണ് അഖില്‍ ചാടിപ്പോയത്.

പൊലീസ് വണ്ടിയില്‍ ഇരുന്ന് കൈവിലങ്ങ് വിദഗ്ധമായി അഴിച്ച ശേഷമായിരുന്നു രക്ഷപ്പെടല്‍. തുടര്‍ന്ന് കൂടല്‍, മെതുകുമ്മേല്‍, ഏനാത്ത്, പുന്നല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. ഇന്ന് പത്തനാപുരം മാര്‍ക്കറ്റില്‍ അഖില്‍ എത്തിയെന്നറിഞ്ഞാണ് പൊലീസ് ഇവിടെയെത്തി വീണ്ടും അഖിലിനെ കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുക്കുമ്പോഴും പൊലീസിനു നേരെ അഖില്‍ ചെറുത്തു നില്‍പ്പു നടത്തി. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Share via
Copy link
Powered by Social Snap