ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റിന്റെ ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചി​ദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) നൽകിയ ഹർജിയിൽ സി.ബി.ഐ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിൽ എൻഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 

അതിനിടെ, കേസിൽ ഉടൻ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചി​ദംബരം നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ച ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ചിദംബരം ജാമ്യാപേക്ഷ നൽകിയത്.

ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തെ ഡൽഹി റോസ് അവന്യു കോടതിയാണ് ഈമാസം 19 വരെ റിമാൻഡ് ചെയ്തത്. നിലവിൽ തിഹാർ ജയിലിലാണ് അദ്ദേഹം. ഈമാസം 23 വരെ കസ്റ്റഡി നീളാനും സാധ്യതയുണ്ടെന്നാണ് സൂചന. ഇ.ഡി.യുടെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കിൽ തിഹാർ ജയിലിൽ നിന്നും ചിദംബരത്തെ കസ്റ്റഡിയിൽ വാങ്ങും.

Leave a Reply

Your email address will not be published.