ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു; രാവിലെ കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഐ.എൻ.എക്സ് മാക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, സിബിഐ ഡയറക്റ്റർ ആർ.കെ. ശുക്ള സിബിഐ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും. അതിനിടെ കേന്ദ്ര ധനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്.ഐ.പി.ബി) നൽകിയ അനുമതികളെ കുറിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. അങ്ങനെയെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമങ്ങളായിരിക്കും സിബിഐ നടത്തുക. ചിദംബരത്തെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന.

അതേസമയം, വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യ നേടാനായിരിക്കും ചിദംബരത്തിന്‍റെ അഭിഭാഷകർ ശ്രമിക്കുക. എന്നാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി തീരുമാനിച്ചാൽ കസ്റ്റഡി കാലയളവ് തീരുന്നതുവരെ അദ്ദേഹത്തിന് ജാമ്യം ലഭിക്കില്ല.

ഒരു മണിക്കൂറോളം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തി രാത്രി 9.45ഓടെ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്‍റെ മുൻകൂർ  ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐയുടെ നടപടി. ഒളിവിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നു വൈകീട്ട് എട്ടരയോടെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ അപ്രതീക്ഷിത വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ചിദംബരം വസതിയിലെത്തിയത്. ചാനലിൽ ദൃശ്യങ്ങൾ കണ്ട് സിബിഐ സംഘം പാർട്ടി ആസ്ഥാനത്ത് എത്തിയെങ്കിലും ചിദംബരം അതിനോടകം അവിടെ നിന്നും മടങ്ങിയിരുന്നു. 

തുടർന്ന് സിബിഐ സംഘവും പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരും അദ്ദേഹത്തിന്‍റെ വസതിയിലെത്തുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട നാടകീയ സംഭവവികാസങ്ങൾ‌ക്കൊടുവിലാണ് സിബിഐ സംഘം ചിദംബരത്തെ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം വീട്ടുവളപ്പിലേക്ക് പ്രവേശിച്ചത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap