ചില രാജ്യങ്ങള് അന്താരാഷ്ട്രനിയമങ്ങളെ വളച്ചൊടിക്കുന്നു- ചൈനയ്ക്കെതിരേ രാജ്നാഥ് സിങ്

മുംബൈ: യുദ്ധകപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ ചൈനക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങള്‍ അവരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖാനിക്കുകയാണെന്നെന്ന് രാജ്‌നാഥ് പറഞ്ഞു. ചൈനയുടെ പേര് എടുത്ത് പറയാതെയായിരുന്നു പ്രതിരോധ മന്ത്രിയുടെ വിമര്‍ശനം. 

ഇന്ത്യ യുദ്ധക്കപ്പല്‍ നിര്‍മിക്കുന്നത് രാജ്യത്തിന്റെ ഉപയോഗത്തിന് മാത്രമല്ല, ലോകത്തിന്റെ മൊത്തം ആവശ്യത്തിന് വേണ്ടിയാണെന്നതില്‍ സംശയമില്ല. ഐഎന്‍എസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങള്‍ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതല്ലെന്നും ഭാവിയിലെ ആവശ്യങ്ങള്‍കൂടി ലക്ഷ്യമിട്ടുള്ളതാണെന്നും മുംബൈയിലെ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. 

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യന്‍ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണ്. സമാധാനം ഇല്ലാതാക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങള്‍ അവരുടെ ഇടുങ്ങിയതും നിക്ഷിപ്തവുമായ താല്‍പ്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് സമുദ്ര നിയമം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന് തെറ്റായ വ്യാഖാനങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

മിസൈല്‍ വേധ സ്റ്റെല്‍ത്ത് ഗൈഡഡ് കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. 2015-ല്‍ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് വിശാഖപട്ടണം. 35,800 കോടി രൂപയുടേതാണ് പ്രോജക്ട് 15ബി എന്ന പേരിലുള്ള കപ്പല്‍ നിര്‍മാണ കരാര്‍.

Share via
Copy link
Powered by Social Snap