ചുവന്ന കവറില് സര്പ്രൈസ് ഒരുക്കി കമ്പനി; ബോണസ് പ്രഖ്യാപനത്തില് ഞെട്ടി ജീവനക്കാര്

വാഷിങ്ടണ്‍: സര്‍പ്രൈസ് ബോണസ് പ്രഖ്യാപനത്തിലൂടെ ജീവനക്കാരെയാകെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി. പതിവുപോലെയുള്ള വാര്‍ഷികാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ ബോണസ് പ്രഖ്യാപനം. ആകെ 10 മില്യണ്‍ ഡോളറായിരുന്നു(ഏകദേശം 70.78 കോടി രൂപ) ബോണസായി ജീവനക്കാര്‍ക്ക് നല്‍കിയത്. 

മേരിലാന്‍ഡിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസാണ് ജീവനക്കാര്‍ക്ക് ഈ വലിയ സര്‍പ്രൈസ് നല്‍കിയത്. ആകെ 198 ജീവനക്കാരുള്ള കമ്പനിയില്‍ ശരാശരി 50,000 ഡോളര്‍ വീതമാണ് ഓരോ ജീവനക്കാരനും ലഭിച്ചതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയില്‍ കഴിഞ്ഞദിവസം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന് നൂറ് ഡോളറായിരുന്നു ബോണസ് തുക. ഏറ്റവും കൂടുതല്‍ നല്‍കിയ ബോണസ് 2,70,000 ഡോളറും.

വാര്‍ഷികാഘോഷ പരിപാടിക്കിടെ ഓരോ ജീവനക്കാര്‍ക്കും നല്‍കിയ ചുവന്ന കവറിലായിരുന്നു അവരുടെ ബോണസ് തുകയുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നത്. 20 മില്യണ്‍ ചതുരശ്ര അടിയെന്ന നേട്ടം കൈവരിച്ചതോടെയാണ് ഇത്രയുമധികം തുക ബോണസായി നല്‍കാന്‍ തീരുമാനിച്ചതെന്ന് സെന്റ് ജോണ്‍സ് പ്രോപ്പര്‍ട്ടീസ് പ്രസിഡന്റ് ലോറന്‍സ് മേയ്ക്രാന്റ്‌സ് പറഞ്ഞു. വലിയം നേട്ടം കൈവരിച്ചപ്പോള്‍ ജീവനക്കാര്‍ എന്തെങ്കിലും വലിയ സമ്മാനം നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ജീവനക്കാരില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ കമ്പനിയുടെ അടിത്തറയും വിജയത്തിന് പിന്നിലെ രഹസ്യവും അവരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കമ്പനി നല്‍കിയ കവറില്‍ ബോണസ് തുക വായിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജീവനക്കാരിലൊരാളായ സ്‌റ്റെഫാനിയുടെ പ്രതികരണം. ഒന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത് ശരിക്കും അമ്പരിപ്പിക്കുന്നതായിരുന്നു. എന്റെ ജീവിതം തന്നെ മാറുമെന്ന് തീര്‍ച്ചയാണ്. ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല- സ്‌റ്റെഫാനി പറഞ്ഞു. 

അപ്രതീക്ഷിത ബോണസിന്റെ സന്തോഷം പലരും പരസ്പരം ആലിംഗനം ചെയ്തും ചുംബനം നല്‍കിയുമാണ് ആഘോഷിച്ചത്. ചിലരാകട്ടെ സന്തോഷം കൊണ്ട് കരയുകയും നിലവിളിക്കുകയും ചെയ്തു. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap