ചൈനീസ് സേന കടന്നുകയറ്റത്തിനു ശ്രമിച്ച കിഴക്കൻ ലഡാഖിലും സിയാച്ചിൻ മേഖലയിലേതിനു സമാനമായ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: ചൈനീസ് സേന കടന്നുകയറ്റത്തിനു ശ്രമിച്ച കിഴക്കൻ ലഡാഖിലും സിയാച്ചിൻ മേഖലയിലേതിനു സമാനമായ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ. ഇനിയൊരു അതിക്രമം ചൈനയിൽ നിന്ന് അനുവദിക്കില്ലെന്ന തീരുമാനത്തിൽ വർഷം മുഴുവനും സുശക്തമായ സൈനിക വിന്യാസത്തിനാണു തീരുമാനം. ഇതിനായി സൈനികർക്ക് കൊടും തണുപ്പിനെ നേരിടാനുളള വസ്ത്രങ്ങൾ വാങ്ങുന്നതു സംബന്ധിച്ച നടപടികൾക്ക് യുഎസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികളിലുള്ള അറ്റാഷെമാരോട് കേന്ദ്രം നിർദേശിച്ചു. മഞ്ഞിനെ പ്രതിരോധിക്കുന്ന ടെന്‍റുകളുടെ നിർമാണത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

ഓപ്പറേഷൻ മേഘദൂത്

1984ലാണ് സിയാച്ചിനിലെ മഞ്ഞുമലകളിൽ ഓപ്പറേഷൻ മേഘദൂത് എന്ന പേരിൽ ഇന്ത്യ സൈനിക വിന്യാസം സ്ഥിരമാക്കിയത്. മഞ്ഞിനെയും കൊടുംശൈത്യത്തെയും പ്രതിരോധിക്കുന്ന ടെന്‍റുകൾ (ഇഗ്ലൂ), പ്രത്യേക വസ്ത്രങ്ങൾ തുടങ്ങി സിയാച്ചിനിലെ സൈനികർക്ക് ആവശ്യമായ സാമഗ്രികളെല്ലാം ഇന്ന് ഇന്ത്യയിൽ തന്നെ നിർമിക്കുന്നുണ്ട്. പൂജ്യം ഡിഗ്രി സെൽഷ്യസിനും വളരെ താഴ്ന്ന താപനിലയുള്ള സിയാച്ചിനിൽ 5000ലേറെ സൈനികരെയാണ് ഇന്ത്യയും പാക്കിസ്ഥാനും വിന്യസിച്ചിരിക്കുന്നത്. ഇവിടത്തെ സൈനിക വിന്യാസത്തിനായി പ്രതിദിനം അഞ്ചു കോടി രൂപയോളമാണു ചെലവ്. 7500 കോടിയോളം രൂപയാണ് സിയാച്ചിനിലെ സൈനികർക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന സാമഗ്രികൾക്കായി പ്രതിരോധ വകുപ്പ് ചെലവഴിക്കുന്നത്. 869 സൈനികരെ ഇന്ത്യയ്ക്കും 2000ലേറെ സൈനികരെ പാക്കിസ്ഥാനും ഇക്കാലത്തിനിടെ നഷ്ടമായി.

2012ൽ സിയാച്ചിനിലെ ഗ്യാരിയിൽ മഞ്ഞുമല  സൈനിക ക്യാംപിനു മുകളിലേക്ക് ഇടിഞ്ഞുവീണ് 140 പാക് സൈനികരാണ് മരിച്ചത്. എന്നാൽ, പടിഞ്ഞാറൻ അതിർത്തിയിൽ തന്ത്രപ്രധാനമാണു പാക് അധീന കശ്മീരിനെയും ചൈനയെയും വേർതിരിക്കുന്ന സിയാച്ചിനിലെ സാൽത്തൊരൊ മുനമ്പ്. കൂടാതെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലേക്ക് ഇന്ത്യയ്ക്ക് നേരിട്ടു നിരീക്ഷിക്കാനാവുന്നതും ഇവിടെ നിന്നാണ്. ചൈന അനധികൃതമായി കൈയടക്കിയിരിക്കുന്ന അക്സായിചിൻ മേഖലയിലേക്കും നേരിട്ട് നിരീക്ഷിക്കാനാവും ഈ മേഖലയിലെ ഏറ്റവും ഉയരമുള്ള മലയായ സിയാച്ചിനിൽ നിന്ന്.

വർഷം മുഴുവൻ സേനാ വിന്യാസം

സിയാച്ചിനിലെ സൈനികവിന്യാസത്തിലൂടെ ലഭിച്ച തന്ത്രപരമായ മേൽക്കൈ പോലെ കിഴക്കൻ മേഖലയിലും കരുത്ത് നിലനിർത്താനാണ് ലഡാഖിൽ വർഷത്തിൽ മുഴുവൻ സമയവും സൈനികവിന്യാസവും നിരീക്ഷണവും നടത്താനുള്ള തീരുമാനം.””ചൈനീസ് സേനയെ ഇനി വിശ്വസിക്കാനാവില്ല. 2021ലെ വേനൽക്കാലത്തും അവർ പാംഗോങ് ത്സോ തടാകത്തിന്‍റെ വടക്കുഭാഗത്ത് അതിക്രമിച്ചു കയറാൻ ശ്രമിച്ചേക്കും. ഗാൽവൻ താഴ്‌വര (പിപി 14), ഹോട്ട് സ്പ്രിങ് (15,16)എന്നിവിടങ്ങളിൽ നിന്നു പിന്മാറിയെങ്കിലും ഗോഗ്ര (17എ), പാംഗോങ് തടാകം എന്നിവിടങ്ങളിൽ നിന്ന് അവർ പൂർണമായി പിൻമാറിയിട്ടില്ല. മഞ്ഞുകാലത്ത് പിപി 15,16, 17 എന്നിവിടങ്ങളിൽ കാര്യമായി ഹിമപാതമുണ്ടാകാറില്ല. എന്നാൽ, 17000 അടി ഉയരത്തിലുള്ള ചാങ് ലാ ചുരത്തിൽ മഞ്ഞുനിറയും. പാംഗോങ് തടാകത്തിലേക്കുള്ള വഴികളിലും മഞ്ഞുമൂലം യാത്ര ദുഷ്കരമാകും. ഈ സാഹചര്യത്തിലാണ് കിഴക്കൻ ലഡാഖിലെ സൈനികർക്കും സിയാച്ചിനിലേതിനു തുല്യമായ സാമഗ്രികൾ നൽകുന്നതു പരിഗണിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ ആഭ്യന്തരമായി നിർമിക്കുന്ന സാമഗ്രികൾ മതിയാവില്ല”- ഒരു മുതിർന്ന സൈനികൻ പറഞ്ഞു.

സുരക്ഷാ വസ്ത്ര കൈമാറ്റം

അടിയന്തര സാഹചര്യത്തിൽ സിയാച്ചിൻ മഞ്ഞുമലയിലെയും സാൽത്തൊരൊ മുനമ്പിലെയുമൊഴികെയുള്ള സൈനികരുടെ ഹിമപ്രതിരോധ സാമഗ്രികൾ കിഴക്കൻ ലഡാഖിലെ സേനയ്ക്കു നൽകുന്നതും പരിഗണിക്കുമെന്ന് സേനാ വൃത്തങ്ങൾ. ഉദാഹരണത്തിന് പർത്തപുർ, തോയിസ് എന്നിവിടങ്ങളിലെ സൈനികർക്ക് നിലവിൽ സിയാച്ചിനിലേതിനു സമാനമായ വസ്ത്രങ്ങളാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഈ രണ്ടു പ്രദേശങ്ങൾ ലെയുടെ അത്ര ഉയരമേയുള്ളൂ. ലെയിലേതിനു സമാനമായ ശൈത്യമേ ഇവിടെ അനുഭവപ്പെടാറുമുള്ളൂ. അതുകൊണ്ടു തന്നെ ഇവരുടെ ജാക്കറ്റ്, പാന്‍റ്സ്,  കൈയുറകൾ, ബൂട്ടുകൾ, കണ്ണടകൾ എന്നിവ അക്സായിചിൻ മേഖലയിലെ സൈനികർക്കു നൽകുന്നതു പരിഗണിക്കുമെന്നു മുതിർന്ന കമാൻഡർ. എന്നാൽ, ഇതു താത്കാലിക സംവിധാനം മാത്രമെന്നും പുതിയ സാമഗ്രികൾ എത്തുന്നതോടെ ഈ പ്രശ്നം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share via
Copy link
Powered by Social Snap