ചോരയൊലിക്കുന്ന മഴുവുമായി റോഡിൽ; കൂട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടിയത് സാഹസികമായി

കാസർഗോഡ്: ബായാര്‍ സുദമ്പളയില്‍ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഉദയ (42)യെ നാട്ടുകാര്‍ കീഴടക്കിയത് സാഹസികമായി. അമ്മാവന്മാരായ സദാശിവ (55), വിട്ടള (60), ബാബു (70), അമ്മായി ദേവകി (48) എന്നിവരെയാണ് ഉദയ കോടാലി കൊണ്ട് വീട്ടിനകത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകം കണ്ട് മാതാവ് ലക്ഷ്മി (80) അയല്‍വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ലക്ഷ്മി ഇതുവരെയും സ്വബോധത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ഉദയ ഇപ്പോഴും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സദാശിവയും, ബാബുവും, വിട്ടളയും അവിവാഹിതരാണ്. ദേവകി വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. മകളെ തലപ്പാടിയിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചത്.

നേരത്തെ പുഴക്കരയിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. പിന്നീട് വീടും സ്ഥലവും വിറ്റ് റോഡരികിലുള്ള സ്ഥലത്ത് 10 വര്‍ഷം മുമ്പാണ് പുതിയ വീടുവച്ച് താമസം തുടങ്ങിയത്. അടയ്ക്ക തോട്ടവും കൃഷിയും നടത്തിയാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്. ഉദയയും അത്യാവശ്യം കൂലിപ്പണിക്ക് പോകാറുണ്ട്. കൊലയ്ക്ക് ശേഷം റോഡിലൂടെ ചോരയൊലിക്കുന്ന മഴുവും കല്ലുവെട്ടുന്ന ഉളിയുമായി നടക്കുന്നത് കണ്ട് നാട്ടുകാര്‍ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് കൂട്ടക്കൊല നടന്ന സംഭവം കണ്ടത്.

പിന്നീട് ഉദയയെ മല്‍പിടുത്തത്തിലൂടെ കീഴടക്കി പൊലീസിലേല്‍പിക്കുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍ഗോഡ്  ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ, ഡിവൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം സി ഐയും എസ് ഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ ഇന്ന് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയക്കും.  വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു ദേവകി.

Share via
Copy link
Powered by Social Snap