ജയിലില്‍ ബിരിയാണിയും ചിക്കനുമടക്കം പരിധിയില്ലാതെ ഭക്ഷണം വേണമെന്നു കോഫെപോസ തടവുകാര്‍

തിരുവനന്തപുരം : ജയിലില്‍ ബിരിയാണിയും ചിക്കനുമടക്കം പരിധിയില്ലാതെ ഭക്ഷണം വേണമെന്നു കോഫെപോസ തടവുകാര്‍. പറ്റില്ലെന്നു ജയില്‍ വകുപ്പ്. വിഷയം കോടതി കയറി.

നിലവില്‍ ജയിലില്‍ നല്‍കിവരുന്ന സൗജന്യ മീനും മട്ടനും പോരെന്നാണ് തടവുകാര്‍ പറയുന്നത്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ അടക്കം 8 പേരാണു കോഫെപോസ കരുതല്‍ തടങ്കലില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. പി.എസ്.സരിത്, കെ.ടി.റമീസ്, റബിന്‍സ്, ഹമീദ്, സന്ദീപ് നായര്‍, എ.എം. ജലാല്‍, മൊഹസിന്‍ , മുഹമ്മദ് ഷാഫി എന്നിവര്‍.

ഇവര്‍ക്കു ദിവസവുമുള്ള സൗജന്യ ജയില്‍ ഭക്ഷണത്തിനു പുറമേ മാസം 1200 രൂപയ്ക്കു ജയില്‍ കന്റീനില്‍ നിന്നു പാഴ്സല്‍ വാങ്ങാനും അനുമതിയുണ്ട്.
ഈ തുക സ്വന്തം അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ ചെലവിടുന്നത്. എന്നാല്‍ തങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ 1200 രൂപ പോരെന്നും പരിധിയില്ലാതെ പണം ചെലവിട്ടു ഭക്ഷണം വാങ്ങാന്‍ അനുവദിക്കണമെന്നും റമീസും റബിന്‍സുമടക്കം 3 പേര്‍ ഏപ്രില്‍ അവസാനം അഭിഭാഷകന്‍ മുഖേന കത്ത് നല്‍കി. മറ്റൊരു പ്രതി വക്കീല്‍ നോട്ടിസ് നല്‍കി. എന്നാല്‍ ജയിലിലെ എല്ലാ പ്രതികള്‍ക്കും സൗജന്യ ഭക്ഷണത്തിനു പുറമേ പ്രതിമാസം 1200 രൂപ ചെലവഴിക്കാന്‍ മാത്രമേ അവകാശമുള്ളൂ എന്ന് ജയില്‍ അധികൃതര്‍ മറുപടി നല്‍കി.

കോഫെപോസ പ്രതികള്‍ക്കു മാത്രം പ്രത്യേക ഇളവു പറ്റില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് 3 പ്രതികളുടെ ബന്ധുക്കള്‍ അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചു. കോടതിയെയും ഇതേ നിലപാടു ജയില്‍ വകുപ്പ് അറിയിച്ചു.

Share via
Copy link
Powered by Social Snap