ജീവനക്കാർക്ക് കൊവിഡെന്ന് ആമിർഖാൻ; അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാകാൻ പ്രാർത്ഥിക്കണമെന്നും താരം

മുംബൈ: ആമിർഖാന്റെ ഓഫീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമിർ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.  എന്റെ ഓഫീസിലെ ജീവനക്കാരിൽ ചിലർക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഇവരെയെല്ലാം ക്വാറന്റീനിലാക്കിയിരിക്കുകയാണ്. അവശേഷിക്കുന്നവരുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണ് ആമിർ‌ ഖാൻ വെളിപ്പെടുത്തി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

തന്റെ അമ്മയും കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒപ്പം പരിശോധനാ ഫലം നെ​ഗറ്റീവാകാൻ പ്രാർത്ഥിക്കണമെന്നും ആമിർ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ കോകിലിയാ ബെൻ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനോട് ആമിർ നന്ദി അറിയിച്ചു. കൊവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും അവരെ ക്വാറന്റീനിലാക്കുന്നതില്‍ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ആമിര്‍ഖാന്‍ അറിയിച്ചു.