ടിക് ടോക്കില് തീരുന്നില്ല ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം

ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യയില്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം വിജയിക്കണമെങ്കില്‍ വിവിധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ശക്തമായ ബോധവല്‍ക്കരണവും വേണ്ടിവരുമെന്ന് സൂചന. ഫാര്‍മസി, കാര്‍ഷിക, രാസവള മേഖലകളില്‍ സമീപകാലത്തൊന്നും ബഹിഷ്‌കരണം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യയിലേക്കുള്ള ചരക്കു വിതരണം തടസ്സപ്പെടുമെന്ന് മുന്നില്‍ കണ്ട് ചൈന പുതിയ കുതന്ത്രങ്ങളുമായി രംഗത്തെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം മറികടക്കുന്നതിന് വിയറ്റ്‌നാം പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഉത്പാദനം പറിച്ചു നടാനും ഈ രാജ്യങ്ങളുടെ ലേബലില്‍ ചരക്കുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനും ചൈന ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പേടിഎം, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്പ് ഡീല്‍, മൊബൈല്‍ ഫോണുകള്‍, ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍, ഗെയിമുകള്‍, ടിക്‌ടോക്, ഭക്ഷ്യ വിതരണ ശൃംഖലകള്‍, ഓയോ, മേക്ക് മൈ ട്രിപ്പ് തുടങ്ങി ഇന്ത്യയില്‍ നിരവധി ഉപഭോക്താക്കളുള്ള മേഖലകളില്‍ ചൈനീസ് കമ്പനികളായ ആലിബാബയും ടെന്‍സെന്റുമാണ് മുഖ്യ നിക്ഷേപകര്‍.

ഗണേശ വിഗ്രഹം വരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ചില അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്നും ഇതില്‍ തെറ്റില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയുടെ വിദേശ നിക്ഷേപകരില്‍ വെറും 18ആം സ്ഥാനം മാത്രമേ ഇപ്പോഴും ചൈനക്കുള്ളൂ. ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ ഔദ്യോഗികമായി ഇന്ത്യ തീരുമാനിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കമ്പനികളില്‍ ചൈനീസ് ഘടകങ്ങള്‍ ഉപയോഗിക്കുന്നത് നിരുല്‍സാഹപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്.

ബി.എസ്.എന്‍.എല്‍ നവീകരണത്തിന് ചൈനീസ് യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം 85 ശതമാനവും ചൈനീസ് അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന മരുന്നുല്‍പ്പാദന രംഗത്തും കാര്‍ഷിക, രാസവസ്തു മേഖലയിലും ഇന്ത്യക്ക് ചൈനയെ അകറ്റി നിര്‍ത്തുക എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ പദ്ധതി വിജയിപ്പിക്കുന്നതിന് ഇന്ത്യാ – ചൈനാ സംഘര്‍ഷം ഒരു അവസരമായി മാറുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാനാവുക എന്നാണ് സാമ്പത്തിക വിദഗ്ധരും വ്യാപാരി വ്യവസായികളും ചൂണ്ടിക്കാട്ടുന്നത്.

ബ്രാന്ഡുകളും അവയുടെ ഉടമസ്ഥതയുള്ള ചൈനീസ് കമ്പനികളും

ഫ്‌ളിപ്പ്കാര്‍ട്ട്- ടെന്‍സെന്റ് സ്‌റ്റെഡ്‌വ്യൂ കാപ്പിറ്റല്‍

സ്‌നാപ്പ് ഡീല്‍- ആലിബാബ, എഫ്.ഐ.എച്ച്

ഓയോ- ദീഡി ചൂഷിംഗ്

പേടിഎം- ആലിബാബക്ക് 40 ശതമാനം ഓഹരികള്‍

മേക്ക് മൈ ട്രിപ്പ്- സി ട്രിപ്പ് 40 ശതമാനം

ബിഗ് ബാസ്‌കറ്റ്- ആലിബാബ 30 ശതമാനം

ഓപ്പോ, വിവോ, റിയല്‍മി, ഷവോമി, വണ്‍പ്‌ളസ്- ഇന്ത്യയുടെ 70 ശതമാനം മൊബൈല്‍ ഫോണുകളും ചൈനീസ് നിര്‍മ്മിതം

സൊമാട്ടോ- ആലിബാബ 25 ശതമാനം

സ്വിഗ്ഗീസ്- ടെന്‍സെന്റ്, ഹില്‍ഹൗസ് കാപ്പിറ്റല്‍

ഓല, യൂബര്‍- ടെന്‍സെന്‍റും മൂന്ന് ചൈനീസ് കമ്പനികളും

ടിക് ടോക്, പബ്ജി, ഡ്രീം 11 – ഈ ചൈനീസ് ആപ്പുകളുടെയും ഗെയിമുകളുടെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍