ടൂറിസം മേഖലയെ ഒഴിവാക്കിയ നടപടി സ്വാഗതാര്ഹം:കടകംപള്ളി സുരേന്ദ്രന്

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കിയ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് എടുത്ത ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്താണ് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കണമെന്ന് സംയുക്ത സമരസമിതിയോട് അഭ്യര്‍ത്ഥിച്ചതെന്നും ഈ ആവശ്യത്തിന് അനുകൂലമായി നിലപാടെടുത്ത സമരസമിതിയെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ഹോട്ടല്‍‍, ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകള്‍ ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍ നിന്നും പണിമുടക്കില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത വിവിധ രാഷ്ട്രീയ കക്ഷികളുടെ സര്‍വകക്ഷിയോഗത്തില്‍ ധാരണയായിരുന്നു. പ്രധാന വിനോദസഞ്ചാര മേഖലകളെ ഹര്‍ത്താലില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കുക, വിനോദസഞ്ചാരികളുമായി പോകുന്ന വാഹനങ്ങളെയും ഹൗസ് ബോട്ടുകളെയും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു അന്ന് ചര്‍ച്ച ചെയ്തത്.

തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്ക്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാര മേഖല കൂടാതെ ശബരിമല തീര്‍ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കുന്ന എല്ലാവിഭാഗം തൊഴിലാളികളെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap