ട്രംപിന്റെ വീറ്റോ ജനപ്രതിനിധി സഭ മറികടന്നു

വാഷിങ്ടൺ: 741 ബില്യൻ ഡോളറിന്റെ പ്രതിരോധ ബിൽ വീറ്റോ ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി മറികടക്കാൻ അതു വീണ്ടും പാസാക്കി യുഎസ് പാർലമെന്റിന്റെ ജനപ്രതിനിധി സഭ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഘടകങ്ങൾ ബില്ലിലുണ്ടെന്ന് ആരോപിച്ചാണ് ട്രംപ് വീറ്റോ ചെയ്തിരുന്നത്. ഡെമൊക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭ 87നെതിരേ 322 വോട്ടിന് വീറ്റോ മറികടന്നു.
കാലാവധി അവസാനിക്കാൻ ഏതാനും ആഴ്ചകൾ മാത്രമുള്ളപ്പോൾ ട്രംപിനേൽക്കുന്ന കനത്ത പ്രഹരമാണിത്. ഇനി സെനറ്റും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് അംഗീകരിച്ചാലേ വീറ്റോ മറികടക്കാനാവൂ. ട്രംപിന്റെ എതിർപ്പ് മറികടന്ന് യുഎസിൽ നിയമമാവുന്ന ആദ്യ ബിൽ ആവും ഇത്. റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ തുണയ്ക്കുന്നു എന്നതാണ് ട്രംപിനേൽക്കുന്ന ക്ഷീണം.
ഇരു പാർട്ടികളും പരസ്പര ധാരണയോടെ നേരത്തേ അംഗീകരിച്ച ബില്ലാണ് ട്രംപ് വീറ്റോ ചെയ്തത്. പ്രസിഡന്റ് ഭരണഘടനാ ബാധ്യത മറക്കുന്നു എന്നാണ് പൊതുവേ ഉയർന്ന ആരോപണം. അപകടകരമായ അട്ടിമറി ശ്രമമാണ് പ്രസിഡന്റ് നടത്തിയതെന്ന് സ്പീക്കർ നാൻസി പെലോസി കുറ്റപ്പെടുത്തി.