ട്രഷറിയിലെ തിരിമറി: കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ല *

സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായി കണ്ടെത്തൽ ** ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ നവ്‌ജ്യോത് ഘോസ. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടർ ട്രഷറി ഡയറക്ടറിൽനിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തി. ട്രഷറിയിലൂടെ ഉദ്യോഗസ്ഥർക്കു തിരിമറി നടത്തുന്നതനുള്ള എല്ലാ പഴുതുകളും അടച്ചു സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടർ നിർദേശം നൽകി

Share via
Copy link
Powered by Social Snap