ട്രഷറി സാമ്പത്തിക തട്ടിപ്പ് കേസ്; ബിജുലാലിന്റെ ഭാര്യയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി എം.ആര്‍. ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദരേഖ പുറത്ത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് സിമി.

തട്ടിയെടുത്ത പണം ബിജുലാല്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ എത്ര പണം തന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നോ എപ്പോള്‍ അത് മാറ്റിയെന്നോ ഒന്നും തനിക്കറിയില്ലെന്ന് സിമി പറയുന്നു. ഇതു സംബന്ധിച്ച ഒരു കാര്യവും ബിജുലാല്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും സിമി കൂട്ടിച്ചേര്‍ത്തു.

കേസ് ആയതിനു ശേഷമാണ് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പിന്നീട് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ മറ്റൊരു അക്കൗണ്ടിലേക്കും മാറ്റിയതായി പറയുന്നത്. ബിജുലാല്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് തനിക്കറിയില്ല.

താന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ബിജുലാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിവാഹം കഴിഞ്ഞിട്ട് 13 വര്‍ഷമായി. തെറ്റായ പ്രവൃത്തികളൊന്നും ഇതേവരെ ബിജുലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംശയിക്കത്തക്ക വിധം ഒന്നും ബിജുലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സിമി പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. വളരെ സന്തോഷമായി കഴിയുകയായിരുന്നു. കേസില്‍ താന്‍ തെറ്റു ചെയ്യുകയോ കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും പോലീസ് പ്രതിയാക്കിയതായി മാധ്യമങ്ങളില്‍ കാണുകയാണ്. പോലീസ് രണ്ടു മൂന്നു വട്ടം വീട്ടില്‍ വന്നിരുന്നു. വിവരങ്ങള്‍ ചോദിക്കുകയും കാര്യങ്ങള്‍ താന്‍ വിശദമായി പറയുകയും ചെയ്തതാണ്. മൊഴി രേഖപ്പെടുത്താന്‍ വരുമെന്നും അപ്പോള്‍ കാര്യങ്ങള്‍ വിശദമായി പറയണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പോലീസ് തന്റെ നിരപരാധിത്വത്തെ കുറിച്ച് അന്വേഷിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല. കേസ് നല്ല ഉദ്യോഗസ്ഥനെ കൊണ്ട് അന്വേിപ്പിക്കണമെന്നും സിമി ആവശ്യപ്പെടുന്നു.
 
അറിയാത്തതും ചെയ്യാത്തതുമായ പല കുറ്റങ്ങള്‍ തന്റെ മേല്‍ ആരോപിച്ച് പ്രതിയാക്കുകയാണ് ചെയ്യുന്നത്. തന്നോടും കുടുംബത്തോടും ചെയ്യുന്ന വലിയ ക്രൂരതയാണിതെന്നും സിമി പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share via
Copy link
Powered by Social Snap