ട്രെയിൻ സർവീസുകൾ തുടങ്ങി; ആദ്യ ഘട്ടം 200 ട്രെയിനുകൾ, കേരളത്തിൽ ആറ് ട്രെയിനുകൾ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ രാജ്യത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ തുടങ്ങി. ആദ്യ ഘട്ടത്തിൽ 200 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. കേരളത്തില്‍ ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തി. കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കോഴിക്കോട്ട് നിന്നാണ് സര്‍വീസ് നടത്തിയത്.

രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്ക് മടങ്ങുന്നത്. ജനശതാബ്ദിക്ക് പുറമെ തുരന്തോ, സമ്പർക്കക്രാന്തി, ജനശതാബ്ദി ട്രെയിനുകളാണ് സർവീസ് തുടങ്ങിയത്.  ആദ്യ ദിനം 200 സർവീസുകളിലായി ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍  യാത്ര ചെയ്യുമെന്നാണ് കണക്ക്. കേരളത്തിൽ ആദ്യ ട്രെയിന്‍ പുലര്‍ച്ചെ 6.05ന് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 

കണ്ണൂരില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ ഉളളതും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതും മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ജനശതാബ്ദി കോഴിക്കോട്ട് നിന്ന് പുറപ്പെട്ടത്. അതിനിടെ, കേരളത്തിൽ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചത് പ്രതിഷേധത്തിന് ഇടയാക്കി.  ജനശതാബ്ദിക്ക് പുറമെ തിരുനന്തപുരം – എറണാകുളം പ്രതിദിന എക്സ്പ്രസ്, തിരുവനന്തപുരം – ലോക്മാന്യതിലക് പ്രതിദിന സ്പെഷ്യൽ എക്സ്പ്രസ്, എറണാകുളം – നിസാമുദ്ദിൻ പ്രതിദിന സ്പെഷ്യൽ,  എറണാകുളം – നിസാമുദ്ദിൻ പ്രതിവാര പ്രത്യേക തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം – കോഴിക്കോട് പ്രത്യേക ജനശതാബ്ദി എന്നിവയാണ് സര്‍വീസ് നടത്തുന്ന മറ്റ് ട്രെയിനുകള്‍.