തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും; പോര് മുറുക്കി മുന്നണികൾ

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ തീരാനിരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. അഴിമതിയും വിവാദങ്ങളും യുഡിഎഫും ബിജെപിയും ആയുധമാക്കുമ്പോൾ വികസനത്തിലൂന്നി ആരോപണങ്ങളെ മറികടക്കാനാണ് എൽഡിഎഫ് ശ്രമം.

കൊവിഡ് കാലം പതിവ് പ്രചാരണരീതികൾക്കെല്ലാം മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്തവിധം തിളച്ചുമറിയുമ്പോഴാണ് വോട്ടെടുപ്പ്.  ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം. പ്രതിക്കൂട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, മകനുൾപ്പെട്ട വിവാദങ്ങളിൽ സ്ഥാനമൊഴിഞ്ഞ പാർട്ടി സെക്രട്ടറി-മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളെ നേരിടാൻ സിപിഎം ഇറക്കുന്നത് വികസനകാർഡാണ്. സംസ്ഥാന വികസനം അട്ടിമറിക്കാൻ ദേശീയഅന്വേഷണ ഏജൻസികളും യുഡിഎഫും ബിജെപിയും കൈകൊർക്കുന്നുവെന്ന പ്രചാരണം വഴി ആക്ഷേപങ്ങൾക്ക് തടയിടാനാണ് നീക്കം. യുഡിഎഫ്-വെൽഫെയർ പാർട്ടി ബന്ധം മറ്റൊരു വിഷയം.

സർക്കാറും സിപിഎമ്മും പ്രതിസന്ധിയിലായ അസാധാരണസാഹചര്യത്തിൽ മിന്നും ജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫിനെ തൃപ്തിപ്പെടുത്തില്ല. വിവാദങ്ങൾ കത്തിക്കുമ്പോഴും സ്ഥാനാർത്ഥിനിർണ്ണയ പ്രശ്നങ്ങളും വിമതഭീഷണിയും പലയിടത്തും തീരാത്ത തലവേദന. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വെല്ലുവിളി മറ്റൊരു ഭീഷണി. 

സുരേന്ദ്രൻ പ്രസിഡന്‍റായശേഷമുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും നിർണ്ണായകമാണ്. ദേശീയ ഏജൻസികൾ കൂടി കക്ഷിയായിരിക്കെ അന്വേഷണ വിവാദങ്ങൾ നേട്ടമുണ്ടാകണമെങ്കിൽ സീറ്റുകൾ കൂടണം. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കലടക്കം വലിയപ്രതീക്ഷകളാണ് ആദ്യഘട്ടത്തിൽ പാർട്ടിക്കുള്ളത്. കലാശക്കൊട്ടില്ലെങ്കിലും വാക്ക് പോര് കടുപ്പിച്ച് ആവേശം നിറച്ചുതന്നെയാണ് മുന്നണികൾ സെമിഫൈനലിൻ്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.

Share via
Copy link
Powered by Social Snap