താനൂരില് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയത് 9 പേര് ചേര്ന്നെന്ന് പ്രതികള്; രണ്ട് പ്രതികള് മുങ്ങി

തിരൂർ: മലപ്പുറം താനൂരിലെ അഞ്ചുടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് ഒമ്പത് പേരെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ്. സംഘത്തിലുൾപ്പെട്ട നാല് പേരെ ഇന്നലെ രാത്രി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് താനൂർ സി.ഐ ജസ്റ്റിൻജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. ചേമ്പാളീന്റെ പുരക്കൽ ഷഹദാദ് (24), ഏനീന്റെ പുരക്കൽ മുഹമ്മദ് സഫീർ (26), ചേക്കാമടത്ത് മുഹമ്മദ് സഹവാസ് (26), പൗറകത്ത് സുഹൈൽ (28) എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്.

സംഭവത്തിനു ശേഷം കർണ്ണാടക, ഗോവ എന്നിവിടങ്ങളിലേക്കു രക്ഷപ്പെട്ട ഇവർ ഒളിത്താവളം മാറ്റുന്നതിന് പണം തേടി സുഹൃത്തിനെ കാണാൻ എത്തിയതിനിടെയായിരുന്നു പിടിയിലായത്. ഇവരിൽ നിന്നാണ് ഒമ്പത് പേരടങ്ങുന്ന സംഘമാണ് കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന വിവരം ലഭിച്ചത്. ഇസ്ഹാക്കിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയും പിന്നീട് മൂന്നു സംഘങ്ങളായി പിരിയുകയുമായിരുന്നുവെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ പിടിയിലായ കുപ്പന്റെപുരക്കൽ താഹമോൻ, കുപ്പന്റെ പുരക്കൽ അബ്ദുൽ മുഹീസ്, വെളിച്ചാന്റെ പുരക്കൽ മശ്ഹൂദ് എന്നിവർ ലീഗുകാരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ പിടിയിലായവരും ഇതു തന്നെയാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അഞ്ചുടി ജുമാ മസ്ജിദിലേക്ക് രാത്രി നമസ്‌കാരത്തിന് പോവുന്നതിനിടെ ലീഗ് പ്രവർത്തകൻ റഫീക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ ഇനി പിടിയിലാവാനുള്ള രണ്ട് പേർ ഇന്നലെ അറസ്റ്റിലായ പ്രതികളെയും വെട്ടിച്ച് മുങ്ങുകയായിരുന്നുവെന്നാണ് വിവരം. കർണ്ണാടകയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്നാണ് ഇരുവരും മുങ്ങിയതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ആക്രമണ ശേഷം ഒരുമിച്ചായിരുന്നു യാത്രയെന്നും ട്രെയിനിൽ നിന്ന് അപ്രത്യക്ഷരായ അവരെ കുറിച്ച് പിന്നീട് വിവരമില്ലെന്നുമാണ് ഇന്നലെ അറസ്റ്റിലായവരുടെ മൊഴി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap