തിരികെ വരുമോ പ്രതാപകാലം; 
പ്രതീക്ഷയോടെ ടൂറിസം മേഖല

പഴയകാലം തിരികെ വരുമോ. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മൂന്നാറിലെ ടൂറിസംമേഖല. കോവിഡ് രണ്ടാംതരംഗത്തിനു പിന്നാലെ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മൂന്നാറിൽ ടൂറിസം മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ആയിരക്കണക്കിന്‌ പേരാണ്‌ പ്രതിസന്ധിയിലായത്‌. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌, കുണ്ടള തുടങ്ങിയ സ്ഥലങ്ങളെല്ലാം നിർജീവമായി. 

    ഈ പ്രദേശങ്ങളിൽ കച്ചവടം ചെയ്‌തിരുന്ന നൂറ്കണക്കിന്‌ ആളുകൾ ദുരിതം അനുഭവിക്കുകയാണ്‌. ഭൂരിഭാഗം ആളുകളും കടകൾ അടച്ച് മറ്റ് തൊഴിലുകൾ തേടിപ്പോയി. തേയില, ഏലം തോട്ടങ്ങളിലെ ജോലിയാണ്‌ ഇപ്പോൾ ആശ്രയം. ബോട്ടിങ് പൂർണമായും നിലച്ചതിനാൽ, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ  സഞ്ചാരികൾക്കായി ഒരുക്കിയിരുന്ന ബോട്ടുകൾ കരയോട് ചേർത്തിട്ടിരിക്കുകയാണ്. ഇതിലൂടെ ഡിടിപിസി, ഹൈഡൽ ടൂറിസം എന്നിവയ്‌ക്ക്‌ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

    വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലും സ്ഥിതി വ്യത്യസ്‌തമല്ല. മൂന്നാറിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തനരഹിതമായി. ചില ഹോട്ടലുകൾ തുറക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും മറ്റും കൊടുത്ത്‌ വരുമ്പോൾ മിച്ചമൊന്നും കാണില്ലെന്ന് ഉടമകൾ പറയുന്നു. കടകൾ തുറന്നുപ്രവർത്തിക്കാൻ കഴിയാതിരുന്നതോടെ ഹോംമെയ്ഡ് ചോക്ലേറ്റ് ഉൾപ്പെടെയുള്ളവ വിറ്റുപോകാതെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഓട്ടോ–– ടാക്സി ഉടമകളും ഗൈഡുകളും നിരാശയിലാണ്. സർക്കാർ നൽകിവരുന്ന സൗജന്യറേഷനും ഭക്ഷ്യക്കിറ്റുമാണ് പട്ടിണിയെ അകറ്റിനിർത്തുന്നത്. ലോക്‌ഡൗണിൽ ഇളവ് വരുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ടൂറിസം മേഖലയെ ആശ്രയിച്ചുകഴിയുന്ന ഓരോരുത്തരും. 

Share via
Copy link
Powered by Social Snap