തിഹാർ ജയിലിൽ തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നു

ദില്ലി: ദില്ലി തിഹാർ ജയിലിൽ തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നു. ഇരുപത്തിയേഴുകാരനായ മുഹമ്മദ് മെഹ്താബ് ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരനായ സാക്കിർ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് വയറിലും കഴുത്തിലും കുത്തുകയായിരുന്നു. ഒന്നിലധികം തവണയാണ് കുത്തിമുറിവേല്‍പ്പിച്ചെന്നാണ് പൊലീസുകാര്‍ വ്യക്തമാക്കുന്നത്.

ജയിലില്‍ വച്ച് പ്രാഥമിക ചികിത്സ നടത്തിയ ശേഷം  ഗുരുതരമായി പരിക്കേറ്റ മെഹ്താബിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അടുത്തിടെയാണ് സാക്കിറിനെ ജയില്‍ 5ല്‍ നിന്നും 8/9ലേക്ക് എത്തിച്ചതെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 

ഇരുവർക്കുമിടയിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു.  2014 ൽ ദില്ലിയിലെ അംബേദ്കർ നഗറിലുണ്ടായ  പീഡനക്കേസിലെ കുറ്റവാളിയാണ് കൊല്ലപ്പെട്ട മുഹമ്മദ് മെഹ്താബ്. ഹരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതക കേസിലാണ് സാക്കിർ ജയിൽ ശിക്ഷ അനുഭവിക്കുന്നത്.