തുഷാറിന്റെ കേസിൽ മനസാക്ഷിക്ക് വിരുദ്ധമായതൊന്നും ചെയ്തില്ല- യൂസഫലി

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനസ്സാക്ഷിക്ക് നിരക്കാത്തതായ ഒന്നും ചെയ്തിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. താൻ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും. കുടുംബസുഹൃത്തിന്റെ മകന് ഒരു പ്രശ്നം വന്നപ്പോൾ ആ പിതാവിന്റെ അപേക്ഷയനുസരിച്ച് കോടതിയിൽ കെട്ടിവെക്കാൻ പണം നൽകുകമാത്രമാണ് ഞാൻ ചെയ്തത്. കാരുണ്യ പ്രവർത്തനം നടത്തുമ്പോൾ അവരുടെ പ്രശ്‌നം മാത്രമേ നോക്കാറുള്ളു. അവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ല. യു.എ.ഇ.യിൽ ശക്തമായ നിയമമുണ്ട്. അതിൽ ഇടപെടാനൊന്നും ആർക്കും കഴിയില്ല. ഞാനും അത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ വിഷയത്തിൽ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു. ഈ വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സാമൂഹികമാധ്യമങ്ങളിൽ തനിക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ഭയക്കുന്നില്ല. ഗൾഫ് നാടുകളിലെ ഭരണാധികാരികൾക്ക് തന്നെ നന്നായി അറിയാം. നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ടുള്ള സഹായങ്ങൾ ഇനിയും ചെയ്യും. സാമൂഹിക മാധ്യമങ്ങളുടെ ആക്രമണങ്ങൾ കൊണ്ട് താൻ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറില്ലെന്നും യുസഫലി പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുകയും യൂസഫലിക്ക് എതിരെ മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തതിന് മൂന്ന് ഗൾഫ് രാജ്യങ്ങളിലായി ആറ് പേർക്കെതിരേ അതാതിടത്തെ സൈബർ പോലീസ് കേസെടുത്തിരുന്നു. സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ.എന്നിവിടങ്ങളിലായിരുന്നു കേസുകൾ.

സൗദിയിൽ അറസ്റ്റിലായ ഒരു മലയാളിയെ നാട് കടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ അയാളെ യൂസഫലി ഇടപെട്ട് ജയിൽമോചിതനാക്കി. ലുലു ഗ്രൂപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് കേസ് പിൻവലിച്ചത്.

അൽ ഖോബാറിൽ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ കുറിച്ച് മോശം ഭാഷയിൽ സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തിയത്. ലുലു ഗ്രൂപ്പിന്റെ ലീഗൽ ടീം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പിന്നീട് ഇയാൾ സമൂഹമാധ്യമത്തിൽ ത്തന്നെ ക്ഷമാപണവുമായി എത്തി. വ്യക്തിഹത്യ നടത്തിയാൽ വൻതുക പിഴയും നാടുകടത്തലുമാണ് സൗദി സൈബർ നിയമപ്രകാരമുള്ള ശിക്ഷ. വിധി വന്നയുടൻ ഫെയ്‌സ്ബുക്കിലൂടെ മലയാളി യുവാവ് യൂസഫലിയോട് മാപ്പ് പറഞ്ഞ് രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് കേസ് പിൻവലിച്ചതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ബഹ്‌റൈനിലും യു.എ.ഇ.യിലുമായി ഒട്ടേറെപ്പേർക്കെതിരേ ഇത്തരത്തിലുള്ള പരാതികൾ പോലീസിന് നൽകിയിട്ടുണ്ട്. എന്നാൽ പ്രതിസ്ഥാനത്തുള്ളവരുടെ ഭാവിയോർത്ത് കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് തീരുമാനമെന്നും ലുലു അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.