തൊണ്ടി മുതലായ 106 ലിറ്റർ വിദേശമദ്യം എക്സൈസ് ഓഫീസില് നിന്നും അപ്രത്യക്ഷമായി

കാസർകോട്: എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 106 ലിറ്റർ വിദേശമദ്യം കാണാതായ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പൊലീസിൽ പരാതി നൽകി. വകുപ്പ് തല അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്താനാകാത്തതുകൊണ്ടാണ് നടപടി. സംഭവത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്‌ഥർ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടുമുതലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം അപ്രത്യക്ഷമായത്. റേഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ പത്ത് അബ്കാരി കേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റർ മദ്യം കാണാതായെന്ന് കണ്ടെത്തി. 

എന്നാൽ കുറ്റക്കാർ ആരാണെന്ന് കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് സംഭവം അന്വേഷിച്ച് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ സംസ്ഥാന എക്സൈസ് മേധാവിക്ക് നൽകിയത്. ഇപ്പോൾ സംസ്ഥാന എക്സൈസ് മേധാവിയുടെ ഉത്തരവനുസരിച്ചാണ് കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിദ്യാനഗർ പൊലീസിൽ പരാതി നൽകിയത്.

എക്സൈസ് റേഞ്ച് ഓഫീസിൽ നിന്ന് ഇത്രയധികം മദ്യം കടത്താൻ പുറത്ത് നിന്നും വന്ന ഒരാൾക്ക് എളുപ്പത്തിൽ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കാണാതായ കാലഘട്ടത്തിൽ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും പൊലീസ് പറഞ്ഞു. 
അനധികൃത മദ്യവിൽപ്പനക്കും ലഹരിവിൽപ്പനക്കുമെതിരെ ബോധവത്ക്കരണവും നടപടികളുമായി മുന്നോട്ട് പോകുന്ന എക്സൈസ് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി. 

Share via
Copy link
Powered by Social Snap