നടന് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പുതിയ കേസ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്.അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖകളും പുറത്തുവന്നിരുന്നു. ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.വധ ഭീഷണി മുഴക്കല്‍,ഗൂഢാലോചന ഉള്‍പ്പടെ   ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പുതിയ കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടതെ ദിലീപിന്‍റെ സഹോദരന്‍ അനൂപ്,ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്,അപ്പു,ബാബു ചെങ്ങമനാട്,കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ അഞ്ചുപേരെക്കൂടി എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു.ഇതെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്ന അന്വേഷണ സംഘം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും മുഖ്യപ്രതി പള്‍സര്‍ സുനിയെയും ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.ഇതിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് അടുത്ത ദിവസംതന്നെ ദിലീപിന് നോട്ടീസ് അയക്കും.പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടാനും നീക്കമാരംഭിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പ്രകാരം എറണാകുളം ജെ എഫ് സി എം കോടതി ഈ മാസം 12 നാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുക.വിചാരണക്കോടതി നിര്‍ദേശിച്ചതനുസരിച്ച് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി 20 ന് തുരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
Share via
Copy link
Powered by Social Snap