നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്. പരാതി ക്രൈംബ്രാ‌ഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർ‍ജി തള്ളണമെന്നും ദിലീപ് വാദിച്ചു.

ഇത് കൂടി പരിഗണിച്ചാണ് നടപടി. കേസിൽ അഡ്വ വി.എൻ അനിൽകുമാറിനെ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിരുന്നു. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവച്ചതിനെ തുടർന്നാണ് അനിൽ കുമാറിന്‍റെ നിയമനം. കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശൻ രാജിവെച്ചത്.

Share via
Copy link
Powered by Social Snap