നടി ചിത്രയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

തമിഴ് സീരിയൽ നടിയും അവതാരകയുമായ വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹേമന്ദ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ പത്തിനാണ് ചിത്രയെ ഹോട്ടൽമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഹേമന്ദിനെതിരെയും ഇവർ തന്നെയാണ് സംശയം ഉന്നയിച്ചത്. മരണസമയത്ത് ഹേമന്ദും ചിത്രയ്ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു.

ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാർത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സീരിയലിൽ നായകൻമാരുമായി അടുത്തിടപഴകിയുള്ള രംഗങ്ങൾ ചിത്ര ചെയ്യുന്നതിൽ ഹേമന്ദിന് ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ താരമാണ് ചിത്ര. സീരിയലില്‍ ചിത്ര ഉൾപ്പെട്ട ഒരു രംഗം ഹേമന്ദിന് ഇഷ്ടപ്പെട്ടില്ല.

അവർ മരണപ്പെട്ട ദിവസം ഇയാൾ ചിത്രയെ തള്ളിയിടുകയും ചെയ്തിരുന്നു- പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഹേമന്ദിന്‍റെ അറസ്റ്റുണ്ടായിരിക്കുന്നത്. ചിത്രയുടെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാമ്പത്തികബാധ്യതകളും ഇതിന് കാരണമായി പറയുന്നുണ്ട്. നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലിലാണ്  ചിത്ര ജീവനൊടുക്കിയത്. സീരിയൽ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവർ ഇവിടെ ഹോട്ടലിൽ താമസിച്ചിരുന്നത്. ഹേമന്തും ഒപ്പമുണ്ടായിരുന്നു.

Share via
Copy link
Powered by Social Snap