നരിക്കുനി ജ്വല്ലറി കവര്ച്ച; മുഖ്യപ്രതി പൊലീസ് പിടിയില്

കോഴിക്കോട്നരിക്കുനി ടൗണിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിമുക്ക് കരിമ്പനക്കല്‍ വീട്ടില്‍ രാജേഷ് (31) ആണ് അറസ്റ്റിലായത്. റൂറല്‍ എസ്പി ഡോ. എസ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നരിക്കുനിയില്‍ കൊടുവള്ളി റോഡ് ജംഗ്ഷനിലെ തനിമ ജ്വല്ലറിയിലാണ് നവംബര്‍ 24ന് രാത്രി മോഷണം നടന്നത്. 11.5 പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കിലോ വെള്ളിയുമാണ് മോഷ്ടിക്കപ്പെട്ടത്. 

കോഴിക്കോട് നിന്നും വാടകയ്ക്ക് എടുത്ത കാറില്‍ നരിക്കുനിയില്‍ എത്തിയ ആറംഗ സംഘം കവര്‍ച്ച നടത്തുന്നതിനിടെ തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്ത് രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തിയ സ്വര്‍ണം കോഴിക്കോട് വിറ്റ പ്രതികള്‍ ഇന്നോവ കാര്‍ വാടകക്കെടുത്ത് കണ്ണൂര്‍-മംഗലാപുരം ഭാഗത്തേക്ക് പോയി. ഇതിനിടെ നവംബര്‍ 29ന് കേളകത്ത് മറ്റൊരു ജ്വല്ലറിയില്‍ മോഷണം നടത്തി. ലോക്കര്‍ തുറക്കാനാകാത്തതിനാല്‍ കടയിലുണ്ടായിരുന്ന 5900 രൂപ കവര്‍ന്ന് രക്ഷപ്പെട്ടു. കൂടാതെ കണ്ണൂര്‍ മണത്തനയുള്ള മലഞ്ചരക്ക് കട കുത്തിതുറന്ന് കുരുമുളകടക്കമുള്ള മലഞ്ചരക്കുകള്‍ കവരുകയും ചെയ്തു. 

കേസിലുള്‍പ്പെട്ട രണ്ടു പ്രതികളെ 10 ദിവസം മുമ്പ് കേളകം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മയക്കുമരുന്നും മറ്റും നല്‍കി പ്രലോഭിപ്പിച്ച് സംഘത്തില്‍ ചേര്‍ത്താണ് രാജേഷ് കളവ് നടത്തുന്നത്. 

അഞ്ചു വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ പണവും സ്വര്‍ണവും മോഷ്ടിച്ചതിന് രാജേഷിന്റെ പേരില്‍ കേസുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പ് കോഴിക്കോട് ചേവായൂര്‍ എന്നിവിടങ്ങളിലും സമാന രീതിയില്‍ കളവ് നടത്തിയതിന് കേസുണ്ട്. മൂന്നു മാസം മുമ്പാണ് കോഴിക്കോട് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മറ്റുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

Share via
Copy link
Powered by Social Snap