നവജ്യോത് സിങ്ങ് സിദ്ദു പുറത്തേക്ക്; രാജി ഹൈക്കമാൻഡ് ഉടൻ അംഗീകരിച്ചേക്കും

പഞ്ചാബ് കോൺഗ്രസ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും നവജ്യോത് സിങ്ങ് സിദ്ദു പുറത്തേക്ക്. സിദ്ദുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. രാജി ഹൈക്കമാൻഡ് ഉടൻ അംഗീകരിച്ചേക്കും. രവ്നീത് സിങ്ങ് ബട്ടുവിനെയാണ് പുതിയ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

നവജ്യോത് സിങ്ങ് സിദ്ദുവിന്‍റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് അമരീന്ദര്‍ സിംങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ചരൺജിത് സിം​ഗ് ചന്നിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്.എന്നാല്‍ അതിന് പിന്നാലെ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവെച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. പിന്നീട് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ചന്നി നേരിട്ടെത്തി സിദ്ദുവുമായി ചർച്ച നടത്തിയെങ്കിലും ഡിജിപി ,സംസ്ഥാന അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണമെന്നും മന്ത്രിമാരെ ഉൾപ്പെടെ മാറ്റണമെന്ന ആവശ്യത്തിൽ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം, മുഖ്യമന്ത്രി ചരൺജിത് ചന്നി ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ സിദ്ദുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണെത്തിയത്. സിദ്ദുവിന്‍റെ രാജി അംഗീകരിച്ച് ഉടൻ തീരുമാനമുണ്ടായേക്കും.

Share via
Copy link
Powered by Social Snap