നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇന്

നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം. സെപ്റ്റംബര്‍ ആറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മുപ്പത്തിരണ്ട്‌വര്‍ഷത്തിനു ശേഷം മോഹന്‍ലാല്‍ തൃശൂര്‍കാരനാകുന്നതെന്നും തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമെന്നുമാണ് ഇട്ടിമാണിയെക്കുറിച്ച് ആരാധകര്‍ പറയുന്നത്. പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ചില സാദൃശ്യങ്ങള്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാമെന്നു പറയുകയാണ് നായകൻ  മോഹന്‍ലാല്‍. ഡിജിറ്റൽ മീഡിയ ഹബ്ബ് മീറ്റിലാണ് ലാൽ സിനിമയെക്കുറിച്ചുള്ള വിശഷേങ്ങള്‍ പങ്കുവെച്ചത്.

ഇട്ടിമാണിയാര്?

  • മണിക്കുന്നേല്‍ മാത്തന്റെ മകനാണ് ഇട്ടിമാണി. ചൈനയിലാണ് ജനിച്ചത്. അച്ഛനും അമ്മയും മുത്തച്ഛനും ചൈനയിലായിരുന്നു. ഇട്ടിമാണിക്ക് പത്തു വയസ്സാകുമ്പോള്‍ കുടുംബം ഒന്നാകെ ചൈനയില്‍ നിന്ന് തിരിച്ച് സ്വദേശമായ തൃശൂര്‍ കുന്നംകുളത്തേക്കെത്തുകയാണ്. അച്ഛന്റെ മരണശേഷം ഇട്ടിമാണിയാണ് കുടുംബത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഇട്ടിമാണിയും അമ്മയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുളളത്. സിനിമയില്‍ ഇരുവരും തമ്മിലുള്ള ഒരുപാട് നല്ല വൈകാരിക മുഹൂര്‍ത്തങ്ങളുണ്ട്. മാതൃത്വത്തെ വളരെയധികം ഉയര്‍ത്തിക്കാട്ടുന്ന സിനിമയാണിത്. തമാശരൂപേണയാണ് ഗൗരവമുള്ള കാര്യങ്ങള്‍ തുറന്നു കാട്ടുന്നത്.

ചൈനയിലെ ഷൂട്ട്

ചൈനയില്‍ മൂന്നു നാലു പ്രാവശ്യം പോയിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാള സിനിമ അവിടെ വച്ച് ഷൂട്ട് ചെയ്യുന്നതെന്ന് തോന്നുന്നു. ഇട്ടിമാണിയുടെ ജനനം അവിടെയാകണമെന്ന് നിശ്ചയിച്ച് അവിടെയാണ് ചിത്രീകരിച്ചത്. അതു തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയ്ക്ക് അനിവാര്യമെന്നു തോന്നിയപ്പോള്‍ അങ്ങനെ തീരുമാനിക്കുകയായിരുന്നു.

തൂവാനത്തുമ്പികള്ക്കു ശേഷം വീണ്ടും തൃശൂര്കാരനാകുന്നു

തൂവാനത്തുമ്പികളില്‍ തൃശൂര്‍ ഭാഷ വളരെ അപൂര്‍വമായാണ് സംസാരിക്കുന്നത്. സിനിമയിലുടനീളം ജയകൃഷ്ണന്‍ ആ ഭാഷ സംസാരിക്കുന്നില്ല. അങ്ങനെ തൃശൂരുകാരുപോലും സംസാരിക്കില്ല. അവര്‍ക്ക് അവരുടേതായ ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെയുണ്ട്. അതെല്ലാം ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. മുഴുനീളം തൃശൂര്‍ ഭാഷ സംസാരിക്കുമ്പോള്‍ പ്രേക്ഷകന് ഒരുപക്ഷേ താത്പര്യക്കുറുവുണ്ടാകാം. വൈകാരികമുഹൂര്‍ത്തങ്ങളില്‍ അതൊഴിവാക്കിയിട്ടുണ്ട്. ജയകൃഷ്ണനും ഇട്ടിമാണിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവാനത്തുമ്പികളില്‍ കണ്ട ചില രംഗങ്ങള്‍ നിങ്ങള്‍ക്ക് ഈ സിനിമയിലും കാണാന്‍ കഴിഞ്ഞേക്കാം. അതു ബോധപൂര്‍വം തന്നെ ചെയ്തതാണ്. ചില ഡയലോഗുകള്‍, രൂപസാദൃശ്യം.. സിനിമ കാണുമ്പോള്‍ കൂടുതല്‍ മനസ്സിലാവും.

സിനിമയില്പാടിയിട്ടുണ്ട്?

ദീപക് ദേവിന്റെ സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിയ്‌ക്കൊപ്പം ഞാനുമൊരു ഗാനം പാടിയിട്ടുണ്ട്. സിനിമയില്‍ അതു കുറച്ചേ കാണിക്കുന്നുള്ളൂ. മുഴുനീളഗാനമായി പിന്നീട് പുറത്തു വരും. 

ഇട്ടിമാണിയിലേക്ക് ആകര്ഷിച്ചത്?

ലൂസിഫര്‍ ചെയ്യുന്നതിനു മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയാണ് ഇട്ടിമാണി. സിനിമയെക്കുറിച്ച് വളരെ ധാരണയുള്ള സ്വപ്‌നങ്ങളുള്ള, മിടുക്കരായ രണ്ടു ചെറുപ്പക്കാരാണവര്‍. ജിബിയും ജോജുവും. അവര്‍ കഥ വന്നു പറഞ്ഞപ്പോള്‍ അതിലൊരു സ്പാര്‍ക്ക് ഉണ്ടെന്നു തോന്നി. കഥ തന്നെയാണ് എന്നെ ആകര്‍ഷിച്ചത്. മുപ്പതു പ്രാവശ്യത്തില്‍ കൂടുതല്‍ മാറ്റിയെഴുതി. പിന്നീട് നന്നായി കണ്‍സീവ് ചെയ്തിട്ടുണ്ട്. ഫീല്‍ഗുഡ് സിനിമയാണെന്ന് തോന്നി. തമാശരൂപേണ മുന്‍പോട്ടു പോകുന്ന ചിത്രത്തില്‍ അങ്ങിങ്ങായി ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്. 

ചട്ടയും മുണ്ടും ധരിച്ച് കാലില്‍ തളയും കാതുകളില്‍ കടുക്കനുമിട്ട് മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ വൈറലായിരുന്നു. മാര്‍ഗംകളി രംഗത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സിനിമയിലെ ഒരു പാട്ടിനു വേണ്ടി തമാശയ്ക്കായി ചെയ്തതാണെന്നും ലാല്‍ പറയുന്നു. മോഹന്‍ലാലിനൊപ്പം മാര്‍ഗംകളി വേഷത്തില്‍ നില്‍ക്കുന്ന ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, അരിസ്റ്റോ സുരേഷ്, എന്നിവരും മാര്‍ഗംകളിയില്‍ പങ്കുചേരുന്നുണ്ട്.. മാളയില്‍ വച്ചാണ് ചിത്രത്തിലെ മെഗാ മാര്‍ഗംകളിയുടെ ചിത്രീകരണം നടന്നത്. പ്രസന്ന മാസ്റ്ററാണ് കോറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രാഹകന്‍.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap