നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കണ്ടെടുത്തത് രണ്ട് നാണയങ്ങൾ

കൊച്ചി: നാണയം വിഴുങ്ങി കഴിഞ്ഞ ദിവസം മരിച്ച മൂന്നു വയസുകാരൻ പൃഥ്വിരാജിന്‍റെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങൾ. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. വൻകുടലിന്‍റെ താഴ്ഭാ​ഗത്തുനിന്നാണ് നാണയങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

മരണകാരണം പൂർണമായി വ്യക്തമാകാൻ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടർമാർ പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കളമശേരി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്കാരം നടത്തും.

Share via
Copy link
Powered by Social Snap