നാവികസേന ലക്ഷ്യമിടുന്നത് മൂന്നാം വിമാനവാഹിനി ; ഇന്ത്യയ്ക്ക് ചുറ്റും നാവിക സേനാ താവളങ്ങള് സമ്മാനിച്ച് പ്രതിരോധവകുപ്പ്

ന്യൂഡല്‍ഹി: സമുദ്രമേഖലയില്‍ ചൈനയുടെ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തെ ശക്തമായി നേരിടാന്‍ മൂന്നാം വിമാന വാഹിനി കപ്പലെന്ന നാവികസേനയുടെ ലക്ഷ്യം തള്ളാതെ പ്രതിരോധമന്ത്രാലയം. ഒപ്പം ഇന്ത്യയ്ക്ക് കരുത്തായി നാവിക താവളങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും   പ്രതിരോധ വിദഗ്ധര്‍  വ്യക്തമാക്കി.  ഇന്ത്യന്‍ നാവികസേനാ ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ്  നാവിക സേനാ മേധാവി കരംബീര്‍ സിംഗ് നാവികസേനാ താവളങ്ങള്‍  വർദ്ധിപ്പിക്കുമെന്ന തീരുമാനം അറിയിച്ചത്.

ഇന്ത്യയ്ക്ക് മൂന്നാമത്തെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ അത്യന്താപേക്ഷിതമാണ്.  ഇന്ത്യയുടെ മൂന്ന് സമുദ്രമേഖലയിലും ശക്തമായ നാവിക വ്യോമ സുരക്ഷ ഒരുക്കും.   ഇന്ത്യന്‍ മേഖലയ്ക്ക് പുറത്ത് പെസഫിക് മേഖലയില്‍ ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ ഇന്ത്യയുടെ ചുമതലകള്‍ വര്‍ദ്ധിച്ചെന്നും സിംഗ് ചൂണ്ടിക്കാട്ടി. വിക്രാന്ത് മാതൃകയിലൊരു വിമാനവാഹിനികൂടി ഇന്ത്യ ലക്ഷ്യമിടണം.  ഇന്ത്യയുടെ മുന്നൂറ്റിഅറുപത്തിയെട്ട് ലക്ഷം കോടിയുടെ സമ്പദ്ഘടന പ്രതിരോധ മേഖലയ്ക്ക് കരുത്താണെന്നും നാവികസേനാ മേധാവി പ്രത്യാശപ്രകടിപ്പിച്ചു.

65000 ടണ്‍ വാഹക ശേഷിയുള്ളതും കാന്തിക ശക്തിയാല്‍ വിമാനങ്ങളെ നിയന്ത്രിക്കുന്നതുമായ അത്യാധുനികവും അതിവിശാലവുമായ വിമാനവാഹിനിയാണ് നാവികസേനയുടെ ആവശ്യം. ഇതിന്റെ നിര്‍മ്മാണച്ചിലവ് മൂന്ന് ലക്ഷം കോടിയോളം വരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നിലവിലെ ഇന്ത്യയുടെ വിമാനവാഹിനികളായ ഐ.എന്‍.എസ്.വിക്രമാദിത്യയിലും വിക്രാന്തിലും സ്‌റ്റോബാര്‍ എന്നറിയപ്പെടുന്ന വിമാനം കുത്തനെ ഉയരുകയും ചെറുദൂരത്തില്‍ നിന്നും ലാന്റ് ചെയ്ത് വടത്തില്‍തട്ടി പിടിച്ചു നില്‍ക്കുന്ന സംവിധാനത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ അതിര്‍ത്തിയില്‍ കോട്ടപോലെ നിലനില്‍ക്കുന്ന സമുദ്രത്തിലെ നിരവധി ദ്വീപുകളെ സംയോജിപ്പിച്ചുള്ള സുശക്തമായ ചെറു നാവികതാവളങ്ങളാണ് നാവികസേനയ്ക്കായി പ്രതിരോധ മന്ത്രാലയം ഒരുക്കുന്നത്. കിഴക്ക് ആന്‍ഡമാനും പശ്ചിമബംഗാളിന്റേയും ഒഡീഷയുടേയും തീരപ്രദേശങ്ങളും നാവിക സേനയുടെ സംവിധാനങ്ങളുമായി കൂട്ടിയിണക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപും സഹായത്തിനായി വിദേശരാജ്യമായ മാലിദ്വീപിലെ സൈനിക കേന്ദ്രവും ഇന്ത്യന്‍ നാവികസേനയുടെ കൂടുതല്‍ നിയന്ത്രണത്തിലേക്ക് വന്നിരിക്കുകയാണ്. ഇതിനൊപ്പം കൊച്ചിയും മഹാരാഷ്ട്രയും, ഗുജറാത്ത് തീരപ്രദേശവും നിലവില്‍ നാവികസേനയുടെ സുശക്തമായ സൈനിക കേന്ദ്രങ്ങളെന്ന നിലയില്‍ വികസിപ്പിക്കുമെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.ചൈന പുതുതായി വിന്യാസിക്കുന്ന നാവിക വ്യൂഹത്തിനൊപ്പം ഷിപ്പ് കില്ലര്‍ എന്ന് വിളിപ്പേരുള്ള ഡിഎഫ്-21 മിസൈലുകളെ 1700 കി.മീ പ്രഹരശേഷിയിലേക്ക് വിന്യസിച്ചതാണ് വെല്ലുവിളിയായി നാവികസേന ജാഗ്രതയോടെ വീക്ഷിക്കുന്നത്. ഇതിന് പുറമേയാണ് ചൈനയുടെ ഉപഗ്രഹം എന്ന പോലെ പ്രവര്‍ത്തിക്കുന്ന പാകിസ്താനും മ്യാന്‍മറുമെന്നും നാവികസേന കണക്കുകൂട്ടുന്നു. ഇതിന് ബദലായി ഇന്ത്യ അടുത്തിടെ ശക്തികൂട്ടി വിന്യസിച്ച ത്രീശൂലും ബ്രഹ്മോസും നാവികസേനയ്ക്ക് കൂടി കൈമാറിയതും കടലില്‍ പരീക്ഷണം നടത്തിയതും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പെസഫിക് മേഖലയില്‍ ക്വാഡ് സഖ്യമാണ് ചൈനയെ നേരിടുക എന്നതിനാല്‍ ഇന്ത്യയ്ക്ക് പ്രതിരോധ ഭാരം കുറവാണെന്നും എന്നാല്‍ മേഖലയിലെ സാന്നിദ്ധ്യം പുതുതാണെന്ന പ്രത്യേകതയുമായി നാവികവ്യൂഹം പരിശീലന പരിപാടികളിലൂടെ അതിവേഗം ഇണങ്ങിക്കഴിഞ്ഞെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share via
Copy link
Powered by Social Snap