‘നിങ്ങള്ക്ക് തലയ്ക്ക് വെളിവില്ലേ’; വിവാഹമോചന വാര്ത്തയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകന് രൂക്ഷ മറുപടിയുമായി സാമന്ത

താരദമ്പതികളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ഇന്ന് ഏറെ പ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയകള്‍ ആഘോഷിക്കാറുണ്ട്. അങ്ങനെ വാര്‍ത്തകളില്‍ ഇടം പിടിച്ചവരാണ് തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും. താരങ്ങള്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോളിതാ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സാമന്തയോട് വിവാഹമോചനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് രൂക്ഷ മറുപടി നല്‍കിയിരിക്കുകയാണ് താരം.

തലയ്ക്ക് വെളിവില്ലെ എന്നായിരുന്നു വിവാഹമോചനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താരത്തിന്റെ മറുപടി. ‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് തലയ്ക്ക് വെളിവില്ലേ?’ എന്നായിരുന്നു സാമന്ത പ്രതികരിച്ചത്.

തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പുറത്തിറങ്ങവെയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ വിവാഹമോചനവാര്‍ത്ത സംബന്ധിച്ച് താരത്തോട് പ്രതികരണം തേടിയത്.

2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം. ഈയിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സാമന്ത നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്നത് ഒഴിവാക്കിയതോടെയായിരുന്നു വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ നാഗചൈതന്യയുടെ പുതിയ ചിത്രമായ ലൗ സ്റ്റോറിയുടെ ട്രെയിലര്‍ പങ്കുവെച്ച് ആശംസകളുമായി സാമന്ത ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.

നാഗചൈതന്യയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് സാമന്ത ലൗ സ്റ്റോറി ടീമിന് ആശംസകള്‍ അറിയിച്ചത്. ‘ വിന്നര്‍, ആള്‍ ദി വെരി ബെസ്റ്റ് ടു ദി ടീം’ എന്നായിരുന്നു സാമന്ത കുറിച്ചത്. ചിത്രത്തിലെ നായികയായ സായ് പല്ലവിയേയും സാമന്ത ടാഗ് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സായ് പല്ലവിയും നാഗചൈതന്യയും രംഗത്തെത്തി. താങ്ക്സ് സാം എന്നാണ് നാഗചൈതന്യ കുറിച്ചത്.

Share via
Copy link
Powered by Social Snap