നിങ്ങൾ എന്നെ ഒരു വീട്ടമ്മയാക്കി; സൽമാൻ ഖാന്റെ ഉപദേശം മറക്കാതെ രാഖി സാവന്ത്

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. ബിഗ് ബോസിന്റെ 14-ാം സീസണിൽ മത്സരാർഥിയായതോടെ രാഖി വാർത്തകളിൽ നിറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് പുറത്തായെങ്കിലും സൽമാൻ ഖാൻ പറഞ്ഞ കാര്യങ്ങളൊന്നും രാഖി മറന്നിട്ടില്ല. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അവസാനത്തെ വിഡിയോ അതിന് തെളിവാണ്. വീട്ടിലെ ജോലികൾ ചെയ്യുന്ന രാഖിയാണ് വിഡിയോയിൽ.
പാത്രം കഴുകുന്നതിന്റേയും വീട് അടിച്ചു തൂക്കുന്നതുമെല്ലാമാണ് വിഡിയോയിലുള്ളത്. ജോലി എടുക്കുന്നതിനിടയിൽ ബിഗ് ബോസിനോട് രാഖി സംസാരിക്കുന്നുമുണ്ട്. നിങ്ങളെന്നെ വീട്ടമ്മയാക്കി. വീട്ടിലെ എല്ലാ ജോലികളും താനാണ് ചെയ്യുന്നത് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെക്കുന്നത്.
എല്ലാവരും സ്വന്തം ജോലി ചെയ്യണമെന്നാണ് സൽമാൻ ഖാൻ പറഞ്ഞിരിക്കുന്നതെന്നും താൻ അത് അനുസരിക്കുകയാണെന്നുമാണ് രാഖി പറയുന്നത്. ബിഗ് ബോസിൽ നിന്ന് പോന്നതോടെ തനിക്ക് ഉറങ്ങാനാവുന്നില്ലെന്നും ഭ്രാന്തു പിടിക്കുകയാണെന്നും അതിനാലാണ് വീട്ടിലെ പണികളെല്ലാം ചെയ്യുന്നത് എന്നുമാണ് താരം പറയുന്നത്.