നിലമ്പൂർ മേഖലയിൽ കനത്തമഴ; സംസ്ഥാന പാതയില് വെള്ളം കയറി, ക്യാംപുകള് തുറന്നു

മലപ്പുറം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പ്രളയ ഭീതിയില്‍ നിലമ്പൂര്‍.  റെഡ് അലർട്ടുളള വയനാട്ടിൽ മഴ ശക്തമാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. വയനാട്ടിലെ കനത്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി നിലമ്പൂരിലെ പല പ്രദേശങ്ങളും ഭീതിയിലാണ്.നിലമ്പൂർ മേഖലയിൽ കനത്തമഴയെത്തുടര്‍ന്ന് പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്കൂളുകളിലാണ് ക്യാമ്പുകൾ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.കനത്ത മഴയില്‍ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. നിലമ്പൂർ ജനതപടിയിൽ  സംസ്ഥാന പാതയിൽ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂർ – ഗൂഡല്ലൂർ റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കരുളായിയില്‍ കരിമ്പുഴ കരകവിഞ്ഞതോടെ നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലേക്ക് മാറ്റി.

Share via
Copy link
Powered by Social Snap