നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു

പാലക്കാട്: തിരുമിറ്റക്കോട് വാവനൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര പളളുക്കൽ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്. ക്രഷർ യൂണിറ്റ് ഓഫീസിന്‍റെ വാർപ്പിനിടെയായിരുന്നു അപകടം. ഇന്നു രാവിലെയായിരുന്നു അപകടം നടന്നത്. വാവനൂർ ചക്ലിക്കുന്നിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന് ഓഫീസിനായി പുതിയ കെട്ടിട നിർമാണ ഘട്ടത്തിലായിരുന്നു.

കെട്ടിടത്തിന്‍റെ വാർപ്പ് പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന് മുകളിൽ നിരവധി തൊഴിലാളികൾ ഉണ്ടായിരുന്നു. താഴെയായിരുന്നു നെയ്യാറ്റിൻകര പള്ളിക്കൽ സ്വദേശി വിൻസെന്‍റ് നിന്നിരുന്നത്. കെട്ടിടം തകർന്നു വീണതോടെ ഇദ്ദേഹം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

ഒരു മണിക്കൂർ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിൻസെന്‍റിനെ രക്ഷിക്കാനായില്ല. മരിച്ചവ്യക്തിയുടെ മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Share via
Copy link
Powered by Social Snap