നീണ്ട ഇടവേളക്ക് ശേഷം ഗൾഫ് ഷോകൾ ഉണരുന്നു ; ആദ്യ ഷോ ഇളയനിലാ മ്യൂസിക് ബാൻഡിൻ്റെ

ദുബൈ : ലോക് ഡൗൺ മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച ഒരു വിഭാഗമാണ് സ്റ്റേജ് പെർഫോമിംഗ് ആർട്ടിസ്റ്റുകൾ. നീണ്ട ഇടവേളക്ക് ശേഷം കേരളത്തിൽ നിന്നും ദുബായിയിലേക്ക് കലാകാരന്മാരുടെ ആദ്യ സംഘം ഞായറാഴ്ച പുറപ്പെട്ടു. യു.എ.ഇ യുടെ 49-ാമത് നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കോറൽ പെർഫ്യൂംസ് അവതരിപ്പിക്കുന്ന  യു.ബി.എൽ മസ്ക്ക “ലൈലത്ത് അൽ എമറാത്ത് ” എന്ന പരിപാടിയിലാണ്  ആദ്യ സംഘത്തിന്റെ ഷോ അവതരിപ്പിക്കുന്നത്. ഡിസംബർ രണ്ടിന് ദുബായ് ക്രൗൺ പ്ലാസയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ 200 പേർക്ക് മാത്രമാണ് പ്രവേശനാനുമതി.

ദുബായ് ആസ്ഥാനമായ ഓസ്കർ ഇവൻ്റ്സിൻ്റെ പ്രൊഡക്ഷനിൽ ലൈവ് സ്റ്റേജ് പെർഫോമിംഗ് ആർട്ടിസ്റ്റുകളുടെ സംഘടനയായ വോയിസ് ഓഫ് ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് ആദ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വോയിസ് ഓഫ് ഹ്യുമാനിറ്റി അംഗങ്ങളായ സമദ് സുലൈമാൻ, പ്രദീപ് ബാബു, അൻസാർ ഇസ്മായിൽ, കിഷോർ വർമ്മ എന്നിവർ ചേർന്നൊരുക്കുന്ന ഇളയനിലാ മ്യൂസിക് ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്. 

കലാകാരന്മാർക്ക് വലിയൊരു പ്രതീക്ഷ നൽകി കൊണ്ടാണ് ആദ്യ സംഘം കേരളത്തിൽ നിന്നും പുറപ്പെട്ടത്. വരും നാളുകൾ കൂടുതൽ കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മറ്റ് കലാകാരന്മാർ.

ലോക്ഡൗൺ കാലത്ത് വരുമാനം നഷ്ടപ്പെട്ട് ബുദ്ധിമുട്ടനുഭവിച്ച കലാകാരന്മാർക്ക് വോയിസ് ഓഫ് ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റുറുകൾ നൽകിയിരുന്നു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും നിരവധി കാരുണ്യ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയ വോയിസ് ഓഫ് ഹ്യുമാനിറ്റിയുടെ രക്ഷാധികാരി സംവിധായകൻ നാദിർഷയാണ്.

Share via
Copy link
Powered by Social Snap