പഞ്ചനക്ഷത്ര ഹോട്ടലുകളെ മാത്രം പറ്റിക്കുന്ന 63 -കാരനായ തട്ടിപ്പുവീരൻ മുംബൈ പൊലീസ് പിടിയിൽ

താനെ : രാജ്യത്തെ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചെന്ന് വ്യവസായ പ്രമുഖൻ ചമഞ്ഞ് താമസിച്ച്, അവിടെ നിന്ന് വിലകൂടിയ  വിദേശ മദ്യവും, സിഗരറ്റും മറ്റും ഓർഡർ ചെയ്ത്, ഒടുവിൽ പണം നൽകാതെ അവിടെ നിന്ന് കടന്നു കളഞ്ഞുകൊണ്ടിരുന്ന വിൻസന്റ് ജോൺ എന്ന തട്ടിപ്പുകാരനെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. അറുപത്തിമൂന്ന് വയസ്സ് പ്രായമുള്ള ഇയാൾക്കെതിരെ ഡിസംബർ 14 -നാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. അന്വേഷണം ഏറ്റെടുത്ത മുംബൈ പൊലീസിന്റെ സൈബർ ഇന്റലിജൻസ് വിഭാഗം ഒരു ദിവസം കൊണ്ടുതന്നെ താനെ ഗോഡ്‌ബന്ദർ റോഡിലുള്ള രഹസ്യ സങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.  

ഇയാൾക്കെതിരെ 187 ലധികം വഞ്ചനാകേസുകൾ നിലവിലുണ്ട്. ദശാബ്ദങ്ങളായി, ഒരിക്കൽ പോലും പിടിക്കപ്പെടാതെ ഇതേ രീതിയിൽ തട്ടിപ്പുനടത്തിക്കൊണ്ടിരുന്ന വിൻസന്റിന്, മഹാരാഷ്ട്രയ്ക്കു പുറമെ, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെയും നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളെ പറ്റിച്ചു കടന്നു കളഞ്ഞ ചരിത്രമുണ്ട്. കോർപറേറ്റ് ബിസിനസ് മാഗ്നറ്റ് എന്ന മേൽവിലാസത്തിൽ, വ്യാജമായ രേഖകളുടെ അകമ്പടിയോടെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളെ സമീപിക്കുന്ന വിൻസന്റിന്, തൊരൈ നാഥൻ, മൈക്കൽ ജോസഫ്, ദിലീപ് സ്റ്റീഫൻ, മൈക്കൽ ഫെർണാണ്ടോ, വിജയ് കരൺ, രാജീവ് ദേശായ്, നിർമൽ, എസ്പി കുമാർ, സഞ്ജയ് മച്ചാഡോ, സഞ്ജയ് റാണെ, രവി ആനന്ദ് എന്നീ പേരിലും വ്യാജ വിസിറ്റിംഗ് കാർഡുകളും, മറ്റു തിരിച്ചറിയൽ രേഖകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം നവി മുംബൈയിലെ തുംഗ ഗ്രൂപ്പിന്റെ റിഗെൻസ എന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ വന്ന് അവിടത്തെ പ്രെസിഡെൻഷ്യൽ സ്യൂട്ട് ബുക്ക് ചെയ്ത ഇയാൾ പരിചയപ്പെടുത്തിയത് ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സിഇഒ എന്നായിരുന്നു. തന്റെ സ്യൂട്ടിൽ നിന്ന് വിലകൂടിയ വിദേശ മദ്യവും, വിദേശ സിഗററ്റുമെല്ലാം ഓർഡർ ചെയ്തു വാങ്ങിയ ഇയാൾ, കോൺഫെറൻസിനായി ഒരു ബാൻക്വെറ്റ് ഹാളും ഇയാൾ ബുക്ക് ചെയ്യുകയുണ്ടായി. എന്നുമാത്രമല്ല, പ്രെസെന്റേഷൻ നടത്താൻ എന്ന പേരിൽ ഒരു ലാപ്ടോപ്പും ഇയാൾ ഹോട്ടൽ ജീവനക്കാരിൽ നിന്ന് കടം വാങ്ങി. ഒടുവിൽ, കോൺഫറൻസ് തുടങ്ങുമെന്ന് പറഞ്ഞ സമയത്ത്, വിൻസന്റിനെയോ അതിഥികളെയോ അന്വേഷിച്ചിട്ട് കാണാതെ വന്നപ്പോഴാണ്, തങ്ങളെ പറ്റിച്ച് ലാപ്ടോപ്പ് അടക്കം എടുത്ത് ഇയാൾ മുങ്ങിയ കാര്യം ഹോട്ടൽ അധികൃതർ അറിയുന്നത്.  ഇങ്ങനെ ഹോട്ടലുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന വിദേശ മദ്യവും സിഗരറ്റും മറ്റും പുറത്ത് വിറ്റഴിച്ചാണ് ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത് എന്ന് വിൻസന്റ് പൊലീസിനോട് പറഞ്ഞു. ഏറ്റവും ഒടുവിൽ തട്ടിപ്പിന് തിരഞ്ഞെടുത്ത തുംഗ ഹോട്ടലിന്റെ അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിൻസെന്റിന്റെ പതിറ്റാണ്ടുകൾ നീണ്ട തട്ടിപ്പു ജീവിതത്തിന് തിരശ്ശീല വീഴുന്നത്.

Share via
Copy link
Powered by Social Snap