പഞ്ചാബ് വ്യാജമദ്യ ദുരന്തം: മരണം 98

ചണ്ഡിഗഡ്: പഞ്ചാബിൽ മൂന്നു ജില്ലകളിലായി വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 98 ആയി ഉയർന്നു. ഇന്ന് തരൺ തരൺ ജില്ലയിൽ 12 പേർ കൂടി മരിച്ചതോടെയാണിത്. തരൺ തരൺ ജില്ലയിൽ ഇതോടെ മരിച്ചവർ 75 ആയിട്ടുണ്ട്. അമൃതസറിൽ 12 പേരും ഗുർദാസ്പുരിലെ ബടാലയിൽ 11 പേരുമാണ് മരിച്ചത്. 

 ബുധനാഴ്ച വൈകിട്ടു മുതലാണ് വ്യാജമദ്യം കഴിച്ച് ആളുകൾ മരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറു പൊലീസുകാരെയും സർക്കാർ സസ്പെൻഡ് ചെയ്തു. അമൃതസറിലെ മുച്ചാൽ ഗ്രാമത്തിൽ നിർമിച്ചതാണ് ഈ വ്യാജമദ്യം എന്നാണു നിഗമനം. മുച്ചാൽ ഗ്രാമത്തിലാണ് ബുധനാഴ്ച വൈകിട്ട് ആദ്യ മരണങ്ങളുണ്ടായതും. നിരവധി പേർ ആശുപത്രികളിൽ ചികിത്സിയിലുണ്ടെന്നാണു സൂചനകൾ. 

 മൂന്നു ജില്ലകളിലും പൊലീസ് വ്യാപകമായി റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷാവശ്യം. പൊലീസിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരും നാല് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുമാണ് സസ്പെൻഷനിലായിരിക്കുന്നത്. പൊലീസ് നടത്തിയ റെയ്ഡുകളിൽ വ്യാജമദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വൻ തോതിൽ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിജിപി ദിനകർ ഗുപ്ത പറഞ്ഞു. 

കോൺഗ്രസ് നേതാക്കൾ നടത്തിയ കൂട്ടക്കുരുതിയാണിതെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ കുറ്റപ്പെടുത്തി. കൊലയാളി സർക്കാരാണ് അമരീന്ദറിന്‍റേതെന്നും അദ്ദേഹം. കോൺഗ്രസ് നേതാക്കളുടെ സംരക്ഷണയിലുള്ള ഡിസ്റ്റിലറികളിലാണ് വ്യാജമദ്യം ഉണ്ടാക്കുന്നതെന്നാണ്  അകാലിദൾ ആരോപിക്കുന്നത്. ആം ആദ്മി പാർട്ടി നിരവധി സ്ഥലങ്ങളിൽ സർക്കാരിനെതിരേ പ്രതിഷേധ പരിപാടികൾ നടത്തി. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

Share via
Copy link
Powered by Social Snap