പഞ്ച്ശീർ; 600ലേറെ താലിബാൻകാരെ വധിച്ചു, 600 പേർ തടവിൽ: പ്രതിരോധ സേന

കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ശീറിൽ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിൽ 600ലേറെ താലിബാൻ അംഗങ്ങൾ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

 ‘ഞായറാഴ്ച പുലർച്ചെ മുതൽ പഞ്ച്ശീറിലെ വിവിധ ജില്ലകളിലായി 600ലേറെ താലിബാൻ അംഗങ്ങളെ വധിച്ചു. പിടികൂടുകയും സ്വമേധയാ കീഴടങ്ങുകയും ചെയ്തവരായി 600ൽ അധികം താലിബാൻ അംഗങ്ങൾ വേറെയുണ്ട്.’– പ്രതിരോധ സേനാ വക്താവ് ഫഫീം ദാഷ്ടി ട്വീറ്റ് ചെയ്തു. 

അഫ്ഗാനിസ്ഥാന്റെ മറ്റു പ്രവിശ്യകളിൽനിന്ന് അവശ്യ വസ്തുക്കൾ ലഭിക്കുന്നതിനു താലിബാൻ തടസ്സം നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രദേശത്തെ റോഡുകളിലും മറ്റും മൈനുകൾ ധാരാളമായി ഉള്ളതിനാൽ താലിബാൻ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

യുദ്ധം പുരോഗമിക്കുകയാണെന്നും എന്നാൽ പഞ്ച്ശീർ തലസ്ഥാനത്തേക്കുള്ള വഴികളിൽ ധാരാളം മൈനുകൾ ഉള്ളതിനാൽ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞെന്നും താലിബാൻ പറഞ്ഞെതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാൻ ദേശീയ പ്രതിരോധ സേനയുടെ (എൻആർഎഫ്) ശക്തികേന്ദ്രമാണു പഞ്ച്ശീർ. അന്തരിച്ച മുൻ അഫ്ഗാൻ ഗറില്ലാ കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ്, ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് എന്നിവരാണു സേനയെ നയിക്കുന്നത്. 

‘വൈഷമ്യം നിറഞ്ഞ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. ഞങ്ങൾ ആക്രമണം നേരിടുകയാണ്. പ്രതിരോധം തുടരുകയാണ്, തുടരുകതന്നെ ചെയ്യും’– സാലിഹ് മുൻപു വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

Share via
Copy link
Powered by Social Snap