പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന് യോഗിയെ വെല്ലുവിളിച്ച് ആസാദ്

ഉത്തര്‍ പ്രദേശില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില ഗ്രൂപ്പുകള്‍ക്ക് പണം ലഭിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹാഥ്‌റസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില സംഘടനകള്‍ക്ക് 100 കോടി രൂപ ലഭിച്ചുവെന്ന് യോഗി ആരോപിച്ചിരുന്നു.

‘ഏത് തരത്തിലുള്ള അന്വേഷണവും നടത്താന്‍ യോഗി ആദിത്യനാഥ് ജിയെ വെല്ലുവിളിക്കുകയാണ്. 100 കോടിയുടെ കാര്യം മറന്നേക്കൂ, ഒരു ലക്ഷം രൂപയെങ്കിലും എന്റെ പക്കല്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാം. അല്ലാത്തപക്ഷം താങ്കള്‍ പദവി ഒഴിയുമോ?എന്റെ ജീവിതം എന്റെ അന്തസിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്റെ സമുദായമാണ് എന്റെ ചിലവുകള്‍ വഹിക്കുന്നത്’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹാത്രാസ് സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Share via
Copy link
Powered by Social Snap