പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ

പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് ക്വട്ടേഷൻ കൊടുത്ത് അമ്മായിയമ്മ. കൊല്ലത്താണ് സംഭവം. കേരളപുരം സ്വദേശിനി നജിയാണ് ക്വട്ടേഷൻ കൊടുത്തത്. മാലപൊട്ടിക്കാൻ ശ്രമിച്ച സംഘം പൊലീസിന്റെ പിടിയിലായതോടെയാണ് ക്വട്ടേഷൻ വിവരം പുറംലോകമറിയുന്നത്.
മകൾക്കും രണ്ടാം ഭർത്താവിനും വർഷങ്ങളായി ചിലവിന് നൽകിയിരുന്നത് 48കാരിയായ നജിയായിരുന്നു. മരുമകനോട് ജോലിക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇത് കൂടാതെ ആഢംബര ജീവിതം നയിക്കുകയും ചെയ്തു. ഇതോടെയാണ് നജി ക്വട്ടേഷൻ കൊടുത്തത്. കഴിഞ്ഞ മാസം ഏഴുകോണിൽ വച്ച് നജിയുടെ മകളും മരുമകനും ആക്രമിക്കപ്പെട്ടു. മകളുടെ മാല പൊട്ടിച്ച് സംഘം കടന്നു. ദിവസങ്ങൾക്കുള്ളിൽ ഇവർ പൊലീസ് പിടിയിലായി. വിശദമായ ചോദ്യം ചെയ്യലിൽ നജിയുടെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തി. പൊലീസ് കേസെടുത്തതോടെ നജി ഒളിവിൽ പോയി. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.